തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കൾക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. കവടിയാറിലെ ദിയയുടെ സ്ഥാപനത്തില്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തതായി കൃഷ്ണകുമാര്‍ മുന്‍പ് നല്‍കിയ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്.
പരാതി വ്യാജമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പണം തട്ടിയ സംഭവത്തില്‍ മൂന്നു ജീവനക്കാരികള്‍ കുറ്റം സമ്മതിക്കുകയും എട്ടു ലക്ഷം രൂപ തിരിച്ചു നല്‍കിയിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കേസ് കൊടുക്കരുതെന്നും ബാക്കി പണം തിരികെ നല്‍കാമെന്നും ജീവനക്കാരികളും ബന്ധുക്കളും അറിയിച്ചു. പിന്നീട് അവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ കൃഷ്ണകുമാറും മകളും പരാതി നല്‍കി. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാരികളും പരാതി നല്‍കിയത്.
ഇരുവരും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം വാങ്ങിയെന്നാണ് ജീവനക്കാരികളുടെ പരാതി. ദിയയുടെ വിശ്വസ്തരായിരുന്ന മൂന്നു ജീവനക്കാരികളാണ് പണം തട്ടിയെടുത്തത്. ഇതിനെല്ലാം തെളിവുകളും ഉണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.