ഖാദി തൊഴിലാളികളുടെ കുടിശിക ഓണത്തിന് മുമ്പ് പരമാവധി വിതരണം ചെയ്യുമെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കലൂർ ഖാദി ടവറിൽ നടന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
"എനിക്കും വേണം ഖാദി "എന്നതാണ് ഈ വർഷത്തെ സന്ദേശം. വർണ്ണശഭളമായ ഡിസൈനിൽ ഇപ്പോൾ ഖാദി ലഭ്യമാണ്. ഫാഷൻ ഡിസൈനേഴ്സിന്‍റെയും ഇൻസ്റ്റിറ്റ്യൂട്ടുകളും ഖാദിയുമായി സഹകരിക്കുന്നുണ്ട് കരുമാല്ലൂരിൽ ഖാദി ഉത്പാദന കേന്ദ്രത്തിൻ്റെ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചിരുന്നു. കരുമാല്ലൂർ
ഖാദി സിൽക്ക് സാരി ഈ മാസം 19 ന് സെൻ്റ് തെരേസസ് കോളേജിൽ നടത്തുന്ന ചടങ്ങിൽ വിപണിയിൽ ലഭ്യമാകും. കുന്നുകര ഖാദി റെഡിമെയ്ഡ് യൂണിറ്റിൽ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങൾ പാപ്പിലിയോ എന്ന പേരിൽ വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഈ വർഷത്തെ ഖാദി മേളയിലൂടെ മികച്ച സമ്മാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ഖാദി മികവിനായി മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞവർഷം നടത്തിയ ഖാദി മേളയിലൂടെ 10 ലക്ഷത്തിന്റെ വില്പനയാണ് നടത്തിയത്. ഖാദി സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രതീകമാണ്. അതിനെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും ഈ മേഖല സംരക്ഷിക്കണം എന്നതാണ് സർക്കാർ കാഴ്ചപ്പാട് എന്നും മന്ത്രി പറഞ്ഞു.
ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ആദ്യ വില്പന നടത്തി. കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ സമ്മാനകൂപ്പൺ വിതരണം നടത്തി. ഖാദിഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ കെ എ രതീഷ്, മെമ്പർ കമല സദാനന്ദൻ, ജില്ലാ പ്രൊജക്റ്റ് ഓഫീസർ എസ് ഷിഹാബുദ്ധൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.