

തിരുവനന്തപുരം: കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. നടത്തുന്ന റിലേ ഒ.പി. ബഹിഷ്‌കരണം അഞ്ചാം ആഴ്ചയിലേക്കും നീളുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധത്തിൻ്റെ ഭാഗമായി ഡോക്ടർമാർ പുതിയ സമരപരിപാടികൾ പ്രഖ്യാപിച്ചു.(KGMCTA says it will boycott OPs and classes on November 21 and 29)
ഒ.പി. ബഹിഷ്കരണം: നവംബർ 21 വെള്ളിയാഴ്ച, 29 ശനിയാഴ്ച എന്നീ തീയതികളിൽ ഒ.പി.കളും തിയറി ക്ലാസുകളും ബഹിഷ്കരിക്കും. 'വർക്ക് ടു റൂൾ' (Work to Rule) എന്ന രീതിയിലുള്ള ചട്ടപ്പടി സമരം തുടരും. ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, മറ്റ് സ്ഥിതിവിവര കണക്കുകൾ കൈമാറില്ല.
എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ 10.30 ന് പ്രതിഷേധയോഗം ചേരും. സമരപരിപാടികളിൽ നിന്ന് അടിയന്തിര ചികിത്സാ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇത് ഐ.പി. രോഗികളുടെ ചികിത്സ, ശസ്ത്രക്രിയകൾ, അടിയന്തിര ചികിത്സകളായ കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., അടിയന്തിര ശസ്ത്രക്രിയകൾ എന്നിവയാണ്.
പ്രതിഷേധ ദിനങ്ങളിൽ അടിയന്തിര ചികിത്സ ഒഴികെയുള്ള ആവശ്യങ്ങൾക്കായി ആശുപത്രികളിൽ വരുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് സമരക്കാർ അഭ്യർത്ഥിച്ചു. ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്കു ശേഷം സമരപരിപാടികൾ കൂടുതൽ ശക്തമാക്കാൻ സംഘടന നിർബന്ധിതമാകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.