Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaകെഫോൺ കരുത്തിൽ കേരളം; ഒന്നര ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കൈവരിച്ചു |...

കെഫോൺ കരുത്തിൽ കേരളം; ഒന്നര ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കൈവരിച്ചു | KFON Kerala

🎙️ Latest Podcast

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് (KFON Kerala) ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കാനാണ് കെഫോണിന്റെ തുടർച്ചയായ പരിശ്രമം.

നിലവിൽ 1,50,256 ഉപഭോക്താക്കളാണ് കെഫോൺ സേവനം ഉപയോഗിക്കുന്നത്. അതിൽ 1,08,336 ഗാർഹിക കണക്ഷനുകൾ (FTTH), 24,192 സർക്കാർ കണക്ഷനുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് 3,503 കണക്ഷനുകൾ, 14,195 ബി.പി.എൽ കണക്ഷനുകൾ എന്നിവ ഉൾപ്പെടുന്നു. മൂവായിരത്തിലധികം ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാർ കെഫോണുമായി സഹകരിച്ച് സേവനവിതരണം ശക്തമാക്കുന്നു.

ഇന്റർനെറ്റ് ഇന്ന് ഒരു സൗകര്യം മാത്രമല്ല, ഓരോ കുടുംബത്തിന്റെയും മുന്നേറ്റത്തിനുള്ള അടിസ്ഥാന സൗകര്യമാണ്. ആ അവകാശം സംസ്ഥാനത്തെ ഓരോ കുടുംബത്തിലും യാതൊരു തടസ്സവും കൂടാതെ എത്തിക്കുക എന്നതാണ് കെഫോണിന്റെ ദൗത്യം,” കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. ഒന്നര ലക്ഷം കണക്ഷനുകൾ എന്നത് വെറുമൊരു സംഖ്യയല്ല മറിച്ച് കേരളത്തിന്റെ ഡിജിറ്റൽ ഭാവിയിലേക്കുള്ള ശക്തമായ ചുവടുവയ്പ്പാണ്. ഈ നേട്ടം സാധ്യമാക്കാൻ കൈകോർത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷാവസാനത്തോടെ 2.5 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഫോണിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനൊപ്പം സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലെയും വീടുകളിലും വിശ്വസനീയവും മികച്ച ഇന്റർനെറ്റ് സേവനം എത്തിക്കുന്നതിൽ കെഫോൺ തുടർച്ചയായ ശ്രമം നടത്തുമെന്നും അധികൃതർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.