Kfon: അട്ടപ്പാടി ആദിവാസി ഊരുകളിലെ അംഗന്‍വാടികളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമൊരുക്കി കെഫോണ്‍

Kfon: അട്ടപ്പാടി ആദിവാസി ഊരുകളിലെ അംഗന്‍വാടികളില്‍  ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമൊരുക്കി കെഫോണ്‍
Published on

അട്ടപ്പാടി ആദിവാസി ഊരുകളിലെ അംഗന്‍വാടികളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിച്ച് കെഫോണ്‍. കുപ്പന്‍ കോളനി, പുഡൂര്‍, ചീരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ 50 ഓളം അംഗന്‍വാടികളിലാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനമെത്തിക്കുക. പദ്ധതിയുടെ ആദ്യഘട്ടമായി 31 അംഗന്‍വാടികളില്‍ ഇതിനോടകം കെഫോണ്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു. പുഡൂര്‍ ഗ്രാമപഞ്ചായത്ത് ചൂട്ട്ര ആംഗന്‍വാടിയിലെ അധ്യാപികയ്ക്ക് കെഫോണിന്റെ പ്രാദേശിക പങ്കാളികളായ അട്ടപ്പാടി കേബിള്‍ വിഷന്‍ പ്രതിനിധികള്‍ കെഫോണ്‍ വൈഫൈ മോഡം കൈമാറിക്കൊണ്ടായിരുന്നു പദ്ധതിയുടെ ഔപചാരിക തുടക്കം.

ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക, ഡിജിറ്റല്‍ ലോകത്തെ കുഞ്ഞു കൗതുകങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്കൊരുക്കുക, അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനങ്ങളിലും സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലും പങ്കെടുക്കാനുള്ള അവസരം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് കെഫോണ്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടം, പഞ്ചായത്ത്, കേബിള്‍വിഷന്‍ പ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തിലൂടെയാണ് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്.

6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പോഷകാഹാരം, ആരോഗ്യപരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങി വിവിധങ്ങളായ സേവനങ്ങള്‍ നല്‍കിവരുന്ന അംഗനവാടികളില്‍ ഇന്റര്‍നെറ്റ് സൗകര്യം കൂടി ഉറപ്പാക്കുന്നത് വഴി ആ സമൂഹത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിലെ നിര്‍ണായക ചുവടുവയ്പ്പാകും.

നിലവില്‍ 125548 ലേറെ കണക്ഷനുകളുമായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണ്‍ മുന്നോട്ട് കുതിക്കുകയാണ്. 2026 ആകുമ്പോഴേക്കും 2.5 ലക്ഷം ഉപഭോക്താക്കളെയാണ് കെഫോണ്‍ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com