

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. 100 കോടിയിലേറെ ഇന്റർനെറ്റ് ഉപഭോക്താക്കളുമായി മുന്നേറുന്ന രാജ്യത്തിന്റെ ഇന്റർനെറ്റ് ഉപഭോഗം ഓരോ സെക്കന്റിലും വളർന്നു കൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോണുകളുടെ വ്യാപനം, സർക്കാർ നയങ്ങൾ, കുറഞ്ഞ നിരക്കിലുള്ള ഡാറ്റ, കുറഞ്ഞ ചെലവിൽ ഉയർന്ന വേഗത ഇവയെല്ലാം ഇന്ത്യയുടെ ഡിജിറ്റൽ ഉന്നമനത്തിനു കരുത്തേകുന്ന ഘടകങ്ങളാണ്. ഇന്റർനെറ്റ് ഉപയോഗത്തിൽ അതിവേഗ വളർച്ച നേടുന്ന ഇന്ത്യയുടെ ആഗോള യാത്രയ്ക്കിടയിൽ, ഡിജിറ്റൽ ഉന്നമനത്തിന്റെ പുത്തൻ അധ്യായം എഴുതുകയാണ് കെഫോണിലൂടെ കേരളം.
കേരളത്തിന്റെ ഡിജിറ്റൽ ഭാവിയെ പുനരാഖ്യാനം ചെയ്‌തുകൊണ്ട് 1.3 ലക്ഷം ഉപഭോക്താക്കളെന്ന പുത്തൻ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് കേരള സർക്കാരിന്റെ സ്വന്തം ഇന്റര്നെറ് പദ്ധതിയായ കെഫോൺ അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്. “എല്ലാവർക്കും ഇന്റർനെറ്റ്” എന്ന ആശയം ഒരു രാഷ്ട്രീയ വാഗ്ദാനം മാത്രമായി ഒതുങ്ങിയില്ല, മറിച്ച് സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന ഒരു യാഥാർത്ഥ്യമായി ഇന്ന് കെഫോൺ മാറിക്കഴിഞ്ഞു. സംസ്ഥാനമൊട്ടാകെ 133800 ഓളം കണക്ഷനുകൾ കെഫോൺ പൂർത്തിയാക്കി കഴിഞ്ഞു. സാധാരണ ഒരു ഇന്റർനെറ്റ് സേവന പദ്ധതി എന്നതിലുപരി ഭാവിയിൽ ഓരോ വീടിനെയും, പഠനമുറികളെയും, ഓഫിസുകളെയും ബന്ധിപ്പിക്കുന്നതും, സംസ്ഥാനത്തെ മുഴുവനും ഡിജിറ്റൽ പുരോഗതിയിലേക്ക് നയിക്കുന്നതുമായ ഒരു ഡിജിറ്റൽ ബാക്ക്ബോണായി മാറിയിരിക്കുകയാണ് കെഫോൺ.
സംസ്ഥാനത്ത് അതിവേഗം വളർച്ച നേടി കേരളത്തിന്റെ ഡിജിറ്റൽ ഭൂപടത്തിൽ വലിയ മാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കെഫോൺ. ജില്ലാ തല കണക്കുകൾ പരിശോധിക്കുമ്പോൾ, വിവിധ പ്രദേശങ്ങളിലുള്ള കെഫോണിന്റെ വിജയം വ്യക്തമായി മനസിലാക്കാം. 23,987 ഉപഭോക്താക്കളുമായി ഏറ്റവും കൂടുതൽ കണക്ഷനുകൾ നേടി മലപ്പുറം ജില്ലയാണ് മുന്നിലുള്ളത് പിന്നാലെ കോട്ടയം 9,983, കോഴിക്കോട് 9,670, എറണാകുളം 9,359, പാലക്കാട് 8,689, കൊല്ലം 8,118, തൃശൂർ 8,070 എന്നീ ജില്ലകളും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നു. തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലും 7,103 കണക്ഷനുകൾ ഇതിനോടകം പൂർത്തിയായി.
ഗ്രാമീണ മലയോര മേഖലകളിൽ കൂടുതൽ വ്യാപനം നേടിയ വയനാട് ജില്ലയിൽ 5,855 കണക്ഷനുകളാണ് ഇതുവരെ ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്രദേശത്തെ ഡിജിറ്റൽ മാറ്റത്തിന്റെ വേഗത ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്. ഇടുക്കി 5,979, കണ്ണൂർ 6,178, ആലപ്പുഴ 4,182 എന്നിവിടങ്ങളിലും പത്തനംതിട്ടയിൽ 3,183 കണക്ഷനുകളും കാസർഗോഡ് 2,467 കണക്ഷനുകളുമാണ് നിലവിലുള്ളത്.
ഈ കണക്കുകൾ ഇന്റർനെറ്റ് കണക്ഷനുകളുടെ ആകെ എണ്ണം എന്നതിലുപരി കേരളത്തിന്റെ ഡിജിറ്റൽ ഭാവിയിലേക്കുള്ള ഒരു ശക്തമായ ചുവടുവെയ്പാണ് ചൂണ്ടിക്കാണിക്കുന്നത്. നഗര പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിപ്പോകാതെ ഗ്രാമങ്ങളിലേക്കും, മലയോരപ്രദേശങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കുമൊക്കെ ഒരുപോലെ മുന്നേറുകയാണ് കെഫോൺ.
ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ സംവിധാനങ്ങൾ മുഖേന സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലേക്കും ഇന്റർനെറ്റ് എത്തിക്കുന്നുണ്ടെന്ന് കെഫോൺ ഉറപ്പുവരുത്തുന്നു. കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കുമുള്ള കെഫോണിന്റെ വ്യാപനം അതിവേഗത്തിലാണ് മുന്നേറുന്നത്. 110 കിലോവോൾട്ട് ട്രാൻസ്മിഷൻ ലൈനുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ, സംസ്ഥാനത്തുടനീളം 32000 കിലോമീറ്ററിലധികം ഫൈബർ കെ ഫോൺ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. 2026 ആകുമ്പോഴേക്കും രണ്ടര ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനായുള്ള പ്രവർത്തങ്ങളാണ് കെഫോണ്‍ നടത്തിവരുന്നത്. ഈ പദ്ധതി പൂർണ്ണമായി നടപ്പാകുമ്പോൾ, കേരളത്തിലെ എല്ലാ വീടുകളിലും, ഓഫിസുകളിലും, വ്യവസായ സ്ഥാപനങ്ങളിലും ഉയർന്ന വേഗതയിലും സ്ഥിരതയോടെയും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സാധിക്കും. ഇതിലൂടെ സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വ്യാപാരം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കഴിയും.
കണക്ടിംഗ് ദി അൺകണക്ടഡ്’ എന്ന ദീർഘവീക്ഷണത്തോടെ, സംസ്ഥാനത്തെ ഏറ്റവും പിന്നോക്കവും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ദൂരപ്രദേശങ്ങളെയും ആദിവാസി മേഖലകളെയും ഡിജിറ്റൽ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് കെഫോണിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി തുടരുന്നത്. ഡിജിറ്റൽ സമത്വം ഉറപ്പാക്കാൻ നടത്തുന്ന ഈ ശ്രമത്തിന്റെ ഭാഗമായി, ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ മറ്റു സംവിധാനങ്ങൾക്ക് പോലും കടന്നുചെല്ലാനാകാത്ത പ്രദേശങ്ങളിൽ വരെ ഫൈബർ സ്ഥാപിക്കാൻ കെഫോണിന് സാധിച്ചിട്ടുണ്ട്.
വയനാട് പന്തലാടിക്കുന്നിൽ കെഫോൺ നേരിട്ട് നൽകിയ കണക്ഷനുകളിൽനിന്ന് രണ്ട് വൈഫൈ ആക്‌സസ് പോയിന്റ് കണക്ഷൻ വഴി പത്തിലധികം വീടുകളിൽ ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതിനാൽ അടിസ്ഥാന ആശയവിനിമയം പോലും സാധ്യമല്ലായിരുന്ന നിലയിലായിരുന്ന വയനാട് പേര്യ–34 പ്രദേശത്തെ നിവാസികൾക്ക്, ഏറെ ആശ്വാസമായിരുന്നു കെഫോണിന്റെ കടന്നുവരവ്. വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, സർക്കാർ സേവനങ്ങൾ, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഇന്റർനെറ്റിന്റെ അഭാവം വലിയ രീതിയിൽ ബാധിച്ചിരുന്നു. ഈ അവസ്ഥയിൽ നിന്നും സമൂഹത്തെ ഉയർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതിനെ തുടർന്ന്, നിവാസികളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കെഫോൺ ടീമിന്റെ അടിയന്തര ഇടപെടലിൽ പ്രദേശവാസികൾക്ക് കണക്ഷൻ ലഭ്യമായി.
അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ 250ലധികം വാണിജ്യ കണക്ഷനുകളും കെഫോൺ നൽകി, ഡിജിറ്റൽ ആക്സസ് കുറവുള്ള പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് സേവനം എത്തിച്ചു. റാന്നി, വടശ്ശേരിക്കര, ശബരിമല, വയനാട്, ഇടുക്കി എന്നീ മലയോര മേഖലകൾ ഉൾപ്പെടെയുള്ള ദൂരപ്രദേശങ്ങളിലും സേവനം ഉറപ്പാക്കാൻ കെഫോൺ ശ്രദ്ധ കേന്ദ്രീകരിച്ചു.
വളരെ വിപുലമായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ കെഫോണിനുണ്ട്. മറ്റ് ഐഎസ്പികളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്ക് കെഫോണിന്റേതാണ് എന്നത് എടുത്തുപറയേണ്ടതാണ്.
ഡിജിറ്റൽ സമത്വം’ എന്ന സർക്കാർ ദൗത്യത്തെ യാഥാർത്ഥ്യമാക്കുന്ന തരത്തിലാണ് ഈ സ്വപ്ന പദ്ധതി ഓരോ ചുവടുവയ്പ്പും നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, ഇ-ഗവേണൻസ്, തൊഴിൽ അവസരങ്ങൾ എന്നിവയിലേക്ക് ജനങ്ങൾക്ക് സമാനമായ അവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി, സംസ്ഥാനത്തിന്റെ ഡിജിറ്റൽ ശാക്തീകരണത്തിന്റെ നെടുംതൂണാണ്.
ഇന്റർനെറ്റ് സേവനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി കെഫോൺ അടുത്തിടെ നടത്തിയ ഏറ്റവും പുതിയ സാങ്കേതിക അപ്‌ഗ്രേഡ്, ‘മെറ്റാ കാഷിംഗ്, വലിയ ശ്രദ്ധയാണ് നേടിയത്. കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിൽ സ്ഥാപിച്ച ഈ സംവിധാനം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ്സ് വളരെ വേഗത്തിൽ ലഭ്യമാക്കുന്നു. ഇതിലൂടെ വീഡിയോകളുടെ ഗുണമേന്മ മെച്ചപ്പെടുകയും, റീൽസ്, പോസ്റ്റുകൾ തുടങ്ങിയവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അപ്ലോഡ് ചെയ്യുന്നതിനും സാധ്യമായി. ഡാറ്റാ ലാറ്റൻസി കുറയുന്നതിനാൽ പേജുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യുവാനും കഴിയുന്നു. വലിയ തോതിലുള്ള നെറ്റ്‌വർക്ക് ട്രാഫിക്, ഇന്റർനാഷണൽ ബാൻഡ്‌വിഡ്ത്ത് ഉപയോഗം എന്നിവ കുറയ്ക്കാനും ഇതിലൂടെ കൂടുതൽ സ്ഥിരതയോടെയും, വേഗതയേറിയതുമായ ഇന്റർനെറ്റ് അനുഭവം ലഭ്യമാക്കുവാനും കെഫോണിനു കഴിഞ്ഞു.
കെഫോൺ പദ്ധതി നടപ്പാക്കിയ രീതി മറ്റു സംസ്ഥാനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രവർത്തന രീതി മുതൽ ട്രാഫിക് എൻജിനീയറിങ്, പദ്ധതിയിലൂടെ ലഭിക്കുന്ന ഗുണഫലങ്ങൾ, ബിസിനസ് മോഡൽ, ആർക്കിടെക്ചർ മികവ് എന്നിവ സമഗ്രമായി വിലയിരുത്തുന്നതിനായി തമിഴ്‌നാട്ടിൽ നിന്നും ടാൻഫിനെറ്റ് സംഘം വിശദമായ പഠനം നടത്തിയിരുന്നു. നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രവർത്തനം, ഹെൽപ്പ് ഡെസ്‌ക് മാനേജ്മെന്റ്, ട്രാഫിക് യൂട്ടിലൈസേഷൻ, കസ്റ്റമർ-നെറ്റ്‌വർക്ക് സർവീസ് ലെവൽ എഗ്രിമെന്റ് (SLA), നെറ്റ്‌വർക്ക് അപ്‌ഗ്രഡേഷൻ, ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്ന രീതി എന്നിവയെപ്പറ്റിയും വിശദമായ പഠനം നടത്തിയിരുന്നു.
രാജ്യമെമ്പാടും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായുള്ള ഐഎസ്എപി (ISP) ലൈസൻസ്, ഐപി ഇൻഫ്രാസ്ട്രക്ചർ ലൈസൻസ്, കൂടാതെ നാഷണൽ ലോങ്ങ് ഡിസ്റ്റൻസ്സ് (NLD) ലൈസൻസ് എന്നിവയൊക്കെ കെഫോണിന്റെ നേട്ടങ്ങളാണ്.
സംസ്ഥാന ഭരണത്തിന്റെ കേന്ദ്രമായ സെക്രട്ടറിയേറ്റും നിയമസഭയും മറ്റു സർക്കാർ ഓഫീസുകളിലും കഴിഞ്ഞ ഒന്നരവർഷത്തോളമായി കെഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്. ഭരണനടപടികളുടെ വേഗത, ഫയൽ പ്രോസസ്സിംഗ്, ഇ-ഗവേണൻസ് സേവനങ്ങൾ, സുരക്ഷിതമായ ആശയവിനിമയം ഇവയൊക്കെ തന്നെ കെഫോണിന്റെ കടന്നു വരവോടെ കൂടുതൽ കാര്യക്ഷമമായി.
സംസ്ഥാനത്തെ സ്കൂളുകളും ആംഗൻവാടികളും കെഫോൺ കണക്ഷനുകൾ ലഭിച്ചതോടെ, കുട്ടികളുടെ പഠനമുറികളും പുതു സാധ്യതകൾ കണ്ടെത്തി. ഹൈ-സ്പീഡ് ഇന്റർനെറ്റിന്റെ സഹായത്തോടെ കുട്ടികൾക്ക് ഡിജിറ്റൽ പഠനലോകത്തിലെ പുതുമകൾ നേരിട്ട് അനുഭവിക്കാനും, അധ്യാപകർക്ക് ഓൺലൈൻ പരിശീലനങ്ങളിലും സർക്കാർ പദ്ധതികളിലും കൂടുതൽ സജീവമായി പങ്കെടുക്കാനും അവസരം ലഭിക്കുന്നു. കെഫോൺ നൽകിയ വിപുലമായ അവസരങ്ങളിലൂടെ അധ്യാപകർക്കുള്ള പരിശീലനങ്ങൾ, ക്ലാസ്‌റൂം ടെക്‌നോളജി തുടങ്ങി വിജ്ഞാനലോകമാകെ കൂടുതൽ മികവുറ്റതും സുസ്ഥിരവുമായി മാറി.
കുട്ടികളുടെ ഭാവിയും ഭരണത്തിന്റെ കാര്യക്ഷമതയും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ഒരു ഡിജിറ്റൽ പാത പടുത്തുയർത്തുകയാണ് കെഫോൺ. സർക്കാർ ഓഫീസുകളിൽ നിന്ന് പഠനമുറികളിലേക്കും ഗ്രാമത്തിലെ ആംഗൻവാടികളിലേക്കും വരെ ഒരേ നിലവാരത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്നത് കേരളത്തിന്റെ ഡിജിറ്റൽ സമത്വ ലക്ഷ്യങ്ങളിലേക്കുള്ള വലിയൊരു ചുവടുവെയ്പാണ്.
സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘സി.എം. വിത്ത് മി’ പദ്ധതിക്ക് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകി പിന്തുണ നകുന്നതും കെഫോണാണ് എന്നത് പൊതുജന ജനസേവനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറ്റുന്നതിൽ കെഫോണിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നു.
കേരളത്തിൽ വിനോദ മേഖലയിൽ പുതിയൊരു ദിശാബോധം സൃഷ്ടിച്ചിരിക്കുവാൻ കെഫോണിനു സാധിച്ചു. ഒ.ടി.ടി സേവനങ്ങളിലൂടെ ജനങ്ങൾക്ക് വിനോദവും വിജ്ഞാനവും വിരൽത്തുമ്പിൽ കൊണ്ടുവരുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. 29-ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350-ലധികം ഡിജിറ്റൽ ടി.വി ചാനലുകളുമടങ്ങിയ വിപുലമായ സേവനങ്ങൾ കെഫോൺ ഒ.ടിടിയിൽ ലഭ്യമാണ്.
സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിൽ ദക്ഷിണേന്ത്യൻ ടി.വി ചാനലുകളും സിനിമകളും ഉൾപ്പെടുത്തി കെഫോൺ നൽകുന്ന ഒ.ടി.ടി സേവനം മറ്റുള്ള ഇന്റർനെറ്റ് പ്രൊവൈഡർമാരോട് താരതമ്യപ്പെടുത്താവുന്ന മികവ് പുലർത്തുന്നു. ഈ സേവനം മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ്, വളരെ ചെറിയ സമയത്തിനുള്ളിൽ 1,500-ലധികം ഉപഭോക്താക്കൾ ഒ.ടി.ടി ആക്റ്റിവേറ്റു ചെയ്തുവെന്നത്.
പ്രമുഖ ഒ.ടി.ടികളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ ഫൈവ്, ഫാൻകോഡ്, ഡിസ്കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടി.വി എന്നിവ ഉൾപ്പെടുന്നതാണ് കെഫോൺ ഒ.ടിടി. 444 രൂപ മുതലുള്ള പാക്കേജുകൾ, സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ അഞ്ച് കാറ്റഗറിയിലായി, ഒരു മാസം, മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ ലഭ്യമാണ്.
സമഗ്രമായ പദ്ധതികളോടെയും തുടർ വികസന ലക്ഷ്യങ്ങളോടെയും സമഗ്ര പ്രവർത്തനമാണ് കെഫോൺ കാഴ്ചവയ്ക്കുന്നത്. അടുത്തഘട്ടത്തിൽ ഐപിടിവി, വിഎൻഒ ലൈസൻസ് തുടങ്ങിയ സേവനങ്ങളും കരസ്ഥമാക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ഓരോ വ്യക്തിക്കു മുന്നിലും പുതിയ അവസരങ്ങളാണ് തുറന്നു കാട്ടുന്നത്. സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ ഒഴിവാക്കി, കേരളത്തിലെ എല്ലാ ജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ, ഉയർന്ന ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കെഫോണിന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് അതിവേഗം എത്തിച്ചേരുന്നതിനായുള്ള നിരന്തരമായ പരിശ്രമത്തിലാണ് കെഫോണെന്ന് അധികൃധർ വ്യക്തമാക്കുന്നു.
എങ്ങനെ കെഫോൺ കണക്ഷനെടുക്കാം?
പുതിയ ഗാർഹിക കണക്ഷൻ നേടുന്നതിന് ‘എന്റെ കെഫോൺ’ മൊബൈൽ ആപ്പിലൂടെയോ കെഫോണിന്റെ ഓഫീഷ്യൽ വെബ്സൈറ്റ് വഴിയോ നേരിട്ട് രജിസ്റ്റർ ചെയ്യാം. ഇതുകൂടാതെ, 1800 570 4466 എന്ന ടോൾ-ഫ്രീ നമ്പറിൽ വിളിച്ചും കണക്ഷനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കെഫോണിന്റെ വിവിധ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് കൂടുതൽ അറിയുവാൻ ഔദ്യോഗിക വെബ്സൈറ്റായ kfon.in സന്ദർശിക്കാം. അതുപോലെ, 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് KFON Plans എന്നു ടൈപ്പ് ചെയ്ത് സന്ദേശം അയച്ചാൽ നിലവിലുള്ള എല്ലാ പ്ലാനുകളും ലഭിക്കും.
***