
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയില്‍ വര്‍ധനവ്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ കണക്ഷന് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. സംസ്ഥാനത്ത് കെഫോണിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ള ജില്ലയും മലപ്പുറമാണ്. ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 20571 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 3482.556 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 153.89 കിലോമീറ്റര്‍ ഒപിജിഡബ്യു കേബിളുകളും 3328.666 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകള്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയുമാണ് കേബിള്‍ സ്ഥാപിച്ചത്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 2927 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെഫോണ്‍ നെറ്റുവര്‍ക്കാണ് ഉപയോഗിക്കുന്നത്.
ജില്ലയില്‍ ഇതിനോടകം ആകെ 3663 ബിപിഎല്‍ വീടുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. 13979 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്‍കി. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 344 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി 15 കണക്ഷനുകളും ജില്ലയില്‍ നല്‍കി.
പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.