
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ ഒരു നിര്‍മാതാവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി സജി ചെറിയാന് കത്ത് നൽകി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. അന്തിമജൂറിയില്‍ ഒരു നിര്‍മാതാവിനെപ്പോലും ഉള്‍പ്പെടുത്താത്തതില്‍ നേരത്തെ ഫിലിം ചേംബർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
2024-ലെ അവാർഡ് നിർണയത്തിനുള്ള കമ്മിറ്റിയെ നിയമിച്ചതായി മാധ്യമ വാർത്തകളിലൂടെയാണ് ഞങ്ങൾ അറിഞ്ഞതെന്നും നിർമാതാക്കളുടെ പ്രാതിനിധ്യം ഇല്ലാത്തത് പ്രതിഷേധാർഹമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചേംബർ കത്ത് നൽകിയത്. കത്തിൻ്റെ പകർപ്പ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും കൈമാറിയതായി പ്രസിഡൻ്റ് അനിൽ തോമസും ജനറൽ സെക്രട്ടറി സോണി തോമസ് ജോണും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയെ തിരഞ്ഞെടുത്തത്. നടനും സംവിധായകനുമായ പ്രകാശ് രാജിനെയാണ് സമിതി ജൂറി ചെയർമാനായി നിയമിച്ചത്. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാരാണ്.
ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.