KN Balagopal

കേരളത്തിന്റെ പൊതുവിതരണ ശൃംഖല മറ്റുസംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി കെ എൻ ബാലഗോപാൽ

Published on

കേരളത്തിന്റെ പൊതുവിതരണ ശൃംഖല മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ മെഷനറികൾ വഹിക്കുന്ന പങ്ക് വലുതാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിശാഗാന്ധിയിൽ നടത്തിയ വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് അതിവിശാലമായ പൊതുവിതരണ ശൃംഖലയുടെ കരുത്തിലാണ്. വിപുലമായ റേഷൻ കടകളുടെ ശൃംഖല, സപ്ലൈകോ, കൺസ്യുമർ ഫെഡ് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുന്ന വിപണന ശൃംഖലകൾ, ഹോർട്ടി കോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിൽ തുടങ്ങി ഏജൻസികൾ, പാൽ ഉൽപന്നങ്ങൾ ഉറപ്പാക്കുന്ന മിൽമ, മത്സ്യസമ്പത്ത് ലഭ്യമാക്കുന്ന മത്സ്യ ഫെഡ് ഉൾപ്പെടെയുള്ള സഹകരണ മത്സ്യ സംഘങ്ങൾ, മാർക്കറ്റിംഗ് ആൻഡ് പ്രോസസിങ് സഹകരണ സംഘങ്ങൾ തുടങ്ങിയ അതിവിശാല വിതരണ ശൃംഖലയാണ് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ആണിക്കല്ല്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ ഇടപെടൽ വിജയകരമായി നടപ്പാക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്തവണത്തെ ഓണക്കാലം. ഓണവിപണിയിൽ ഒരു സാധനത്തിനും ഉത്സവക്കാല വിലവർധന ഉണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഒരുവിധ സഹായവും ഉണ്ടായില്ല. ഓപ്പൺ മാർക്കറ്റിൽനിന്ന് അരി ശേഖരിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കൂടുതൽ അരി ലഭ്യമാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 20 കിലോഗ്രാം അരി വീതം 25 രുപ നിരക്കിലാണ് നൽകിയത്. ഒരു കുടുംബത്തിന് 44 കിലോ അരിവരെ സൗജന്യ നിരക്കിലും ന്യായ വിലയിലും ലഭ്യമാക്കി.

വിലക്കയറ്റ കണക്ക് പരിശോധിച്ചാലും കേരളത്തിലെ ശക്തമായ വിപണി ഇടപെടലിന്റെ ഫലങ്ങൾ വ്യക്തമാകും. 2011 പണപ്പെരുപ്പ ഇൻഡക്സ് 10 ശതമാനം കടന്നിരുന്നു. 2013ൽ അത് 14 ശതമാനം കടന്നു. 2016 ആയപ്പോഴേയ്ക്കും പണപ്പെരുപ്പ ഇൻഡക്സ് 5 ശതമാനത്തിലെത്തി. 2024ൽ 4.4 ശതമാനമാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ റാങ്കിങ്ങിൽ കാർഷികവ്യവസായ മേഖലകളിൽ മുന്നിൽ നിൽക്കുന്ന പല സംസ്ഥാനങ്ങൾക്കും താഴെയാണ് നമ്മുടെ സ്ഥാനം.

സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ വലിയ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. പൊതുവിതരണ ശൃംഖല വഴി പ്രതിമാസം 1.19 ലക്ഷം മെട്രിക് ടൺ ധാന്യമാണ് വിതരണം ചെയ്യുന്നത്. ഇതിനുപുറമെയാണ് ഉത്സവ കാലങ്ങളിൽ അധികമായി സ്പെഷ്യൽ അരിയും മറ്റും വിതരണം ചെയ്യുന്നത്.

ഭക്ഷ്യഭദ്രതയിൽനിന്ന് പോഷകാഹാര ഭദ്രതയിലേക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. മുട്ടയുടെയും പാലിന്റെയും ഇറച്ചിയുടെയും മീനിന്റെയും ഉൽപാദനം കൂടുതൽ വർധിപ്പിക്കണം. സ്വയംപര്യാപ്ത ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവയിലേക്ക് എത്തിച്ചേരാൻ ആവുന്നില്ലെന്നും ആ മേഖലയിൽ കൂടുതൽ പരിശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം വകുപ്പിന്റെ ഒമ്പത് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ധനകാര്യ കമ്മീഷൻ ചെയർമാൻ കെ എൻ ഹരിലാൽ, ഐ ഐ ടി ഡൽഹി പ്രൊഫസർ ഋതിക എസ് ഖേര, ആസൂത്രണ ബോർഡംഗം രവി രാമൻ, ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ ജെ കിഷോർ കുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ , റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ ബി തുടങ്ങിയവർ പങ്കെടുത്തു.

Times Kerala
timeskerala.com