കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദം: മന്ത്രി പി രാജീവ്

നോളജ് സിറ്റി : കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദമാണെന്ന് കേരള വ്യവസായ- നി
Published on

നോളജ് സിറ്റി : കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദമാണെന്ന് കേരള വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് മര്‍കസ് നോളജ് സിറ്റിയില്‍ കാണുന്നത് എന്നും ഇത്തരം ഉദ്യമങ്ങള്‍ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് കഠിനാധ്വാനികളും സംരംഭകരും വിദ്യാസമ്പന്നരുമായ യുവ സമൂഹമാണ്. തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പലായനം ചെയ്യുന്നതിന് പകരം നാട്ടില്‍ തന്നെ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്ന റിവേഴ്‌സ് മൈഗ്രേഷനാണ് ഇന്ന് കാണുന്നതെന്നും ഇത് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കുന്നതിലും കേരളം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് റിഫോംസ് ആന്‍ഡ് ആക്ഷന്‍ പ്ലാന്‍ (ബി ആര്‍ എ പി) പുറത്തുവിട്ട കണക്കില്‍ നേരത്തെ 28ാം സ്ഥാനത്തായിരുന്ന കേരളം ഒന്നാം സ്ഥാനത്ത് എത്തിയത് സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, സംരംഭകരെയും വ്യവസായികളെയും ശാക്തീകരിക്കാനും സഹായിക്കാനുമായി നിരവധി പദ്ധതികളും നിയമങ്ങളും കേരള സംര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ ജനങ്ങള്‍ അറിയുന്നില്ലെന്നും വേണ്ടവിധം വിനിയോഗിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വികസന മുന്നേറ്റം 15 വര്‍ഷം കൂടി തുടര്‍ന്നാല്‍ കേരളം ഹൈടെക് മാനുഫാക്ചറിംഗിന്റെ കേന്ദ്രമായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതുവഴി വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നര്‍ വരെ തൊഴില്‍ തേടിയെത്തുന്ന ഇടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എല്‍ എ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, മിനറല്‍ കോര്‍പറേഷന്‍ അംഗം വായോളി മുഹമ്മദ്, വി വസീഫ് സംബന്ധിച്ചു. എയ്മര്‍ സി ഇ ഒ മുഹമ്മദ് മോന്‍ സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി അനീന അനീസ് നന്ദിയും പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com