കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു
Published on

കൊച്ചി : രോഗനിർണയം വേഗത്തിലും കൃത്യതയിലും നടത്താൻ സഹായിക്കുന്ന ആധുനിക ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് സാങ്കേതിക മികവിനൊപ്പം, മാനൂഷിക പരിഗണനയ്ക്കും പ്രാധാന്യം നൽകുന്ന രാജഗിരി ആശുപത്രിയുടെ മാതൃക അഭിനന്ദനാർഹമെന്ന് എസ് സുഹാസ് അഭിപ്രായപ്പെട്ടു. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. രോഗനിർണയ റിപ്പോർട്ടുകളിൽ കൂടുതൽ കൃത്യതയും, വേഗതയും കൈവരുന്നതോടെ, വേഗത്തിൽ രോഗം നിർണയവും, ഫലപ്രദമായ ചികിത്സയും ലഭ്യമാക്കാൻ സാധിക്കുമെന്ന് ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.

1,300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടോട്ടൽ ഓട്ടോമേറ്റഡ് മെഷീനിൽ ദിവസം 70,000 ടെസ്റ്റുകൾ വരെ ചെയ്യാൻ കഴിയും. ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോഷ് ഡയഗ്‌നോസ്റ്റിക്‌സ് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് ലാബ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. സാമ്പിളുകൾ തയ്യാറാക്കുന്നത് മുതൽ പരിശോധനയ്ക്ക് ശേഷം സുരക്ഷിതമായി നീക്കം ചെയ്യുന്നതും ഉൾപ്പെടെ മുഴുവൻ പ്രക്രിയയും മനുഷ്യ ഇടപെടൽ പരമാവധി കുറച്ചാണ് നടത്തുന്നത്. ഇത് പിഴവുകൾ കുറയ്ക്കുകയും വേഗത്തിൽ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനും സഹായിക്കുന്നു. നിലവിൽ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുന്ന സമയം 35-40% ശതമാനം കുറയ്ക്കാൻ ടോട്ടൽ ഓട്ടോമേറ്റഡ് ലാബിലൂടെ കഴിയും.

ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേരളത്തിലെ ആദ്യത്തെ ടോടൽ ഓട്ടോമേറ്റഡ് ലാബ് ആണ് രാജഗിരിയിലേതെന്ന് റോഷ് ഡയഗ്‌നോസ്റ്റിക്‌സ് കോർ ലാബ് മാനേജർ മണികണ്ഠൻ ജയരാമൻ പറഞ്ഞു. ലാബ് പരിശോധനകളിൽ മാനുഷിക പരിമിതി മറികടക്കാനും, പരിശോധനാ ഫലങ്ങൾ കുറ്റമറ്റതാക്കാനും കഴിയുമെന്ന് രാജഗിരി ലാബ് ഡയറക്ടർ ഡോ. സുനിത തോമസ് അഭിപ്രായപ്പെട്ടു.

ഫോട്ടോനോട്ട് : രാജഗിരിയിൽ ആരംഭിച്ച ആധുനിക ടോട്ടൽ ഓട്ടോമേറ്റഡ് ലാബിന്റെ പ്രവർത്തനം കണ്ട് വിലയിരുത്തുന്ന സിയാൽ എംഡി എസ് സുഹാസ്. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ലാബ് ഡയറക്ടർ ഡോ. സുനിത തോമസ്, റോഷ് ഡയഗ്‌നോസ്റ്റിക്‌സ് കോർ ലാബ് മാനേജർ മണികണ്ഠൻ ജയരാമൻ, അഡിമിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, പത്തോളജി വിഭാഗം മേധാവി ലത കെ എബ്രാഹാം എന്നിവർ സമീപം.

Related Stories

No stories found.
Times Kerala
timeskerala.com