തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച വളർച്ച രേഖപ്പെടുത്തുന്നതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിലും തനത് വരുമാനത്തിലും വർധനവുണ്ടായി.(Kerala's economy is on the rise, Economic Review Report in the Kerala Assembly Session)
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,24,861.07 കോടി രൂപയായി വർധിച്ചു. തനത് വരുമാനത്തിൽ 2.7 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
കൃഷി 1.25 ശതമാനത്തിൽ നിന്നും 2.14 ശതമാനമായും, മത്സ്യമേഖല നെഗറ്റീവ് വളർച്ചയിൽ നിന്ന് 10.55 ശതമാനമായും കുതിച്ചുയർന്നു. അതേസമയം, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം 6.15 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 6.19 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജി.എസ്.ഡി.പി ഉള്ള പത്ത് സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 2.7 ശതമാനം വർധനവുണ്ടായി. തനത് നികുതി വരുമാനം 3.1 ശതമാനമാണ് ഉയർന്നത്. റവന്യൂ ചെലവിലും മൂലധന ചെലവിലും വലിയ വർധനവ് രേഖപ്പെടുത്തി. റവന്യൂ ചെലവ് മുൻവർഷത്തെ 0.5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായും, മൂലധന ചെലവ് 0.48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായും കുതിച്ചുയർന്നു. വരുമാനം വർധിച്ചെങ്കിലും ചെലവുകൾ ഉയർന്നതോടെ കമ്മികളിലും വർധനവുണ്ടായിട്ടുണ്ട്.
ധനകമ്മി ജി.എസ്.ഡി.പിയുടെ 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി കൂടി. റവന്യൂ കമ്മി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി വർധിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി മൂലധന ചെലവ് ഗണ്യമായി വർധിപ്പിച്ചത് സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ആരോഗ്യവകുപ്പിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പി.സി വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ സഭയിൽ ചൂടേറിയ ചർച്ച. സർക്കാർ ആശുപത്രികൾ 'സിസ്റ്റത്തിന്റെ ഇരകളെ' സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആശുപത്രി കവാടം പൂട്ടിയിട്ടതുമൂലം ചികിത്സ വൈകിയതും അന്വേഷണ റിപ്പോർട്ടിലെ അപാകതകളും വിഷ്ണുനാഥ് ഉന്നയിച്ചു.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, പാലക്കാട് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത്, മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ വേണു മരിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് നീതിയില്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചു. മന്ത്രി ഇതുവരെ വേണുവിന്റെ വീട് സന്ദർശിച്ചിട്ടില്ലെന്നും കുടുംബത്തെ ആശ്വസിപ്പിച്ചിട്ടില്ലെന്നും വിഷ്ണുനാഥ് വിമർശിച്ചു.
പ്രതിപക്ഷത്തിന്റേത് ബാലിശമായ വാദങ്ങളാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. യു.ഡി.എഫ് കാലത്തെ അപേക്ഷിച്ച് ആരോഗ്യമേഖല ഏറെ മെച്ചപ്പെട്ടുവെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി സംസ്ഥാനത്തെ ചികിത്സാ സംവിധാനത്തെ തകർക്കാൻ ശ്രമിക്കരുതെന്നും ഡി.കെ മുരളി, ഇ.കെ വിജയൻ എന്നിവർ പറഞ്ഞു.