കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരം ; വയനാട് തുരങ്കപാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു |wayanad tunnel

ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും.
pinarayi vijayan
Published on

താമരശ്ശേരി: മലബാറിന്റെ വികസനക്കുതിപ്പിന് വഴിതുറയ്ക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും . ഈ സർക്കാർ നൽകുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാത. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.വാണിജ്യ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നും തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണ്. ഗെയിൽ, എൻഎച്ച് തുടങ്ങിയ അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. മലയോര ഹൈവേ, ജലപാത തുടങ്ങിയവ നിർമ്മാണ ഘട്ടത്തിലാണ്. ദീർഘ കാലമായി മുടങ്ങികിടക്കുന്ന പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. എതിർപ്പുകൾ, കേന്ദ്ര സർക്കാർ സൃഷ്‌ടിച്ച സാമ്പത്തിക പരിമിതികൾ, ചില സ്ഥാപിത താൽപര്യ ഇടപെടലുകൾ തുടങ്ങി നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് വികസന പദ്ധതികൾ എത്തിപ്പിടിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ ഏറ്റവും നീളംകൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളംകൂടിയതുമായ ഇരട്ടതുരങ്കപാതയാണിത്. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളമാണുള്ളത്.വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തോടെ സാഫല്യമാകാന്‍ പോകുന്നത്.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് നിര്‍മാണ ഏജന്‍സി. 33 ഹെക്ടറോളം ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. വനഭൂമി നേരത്തേതന്നെ കൈമാറിയതാണ്. 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌ , കെ എൻ ബാലഗോപാൽ, ഒ ആർ കേളു, എ കെ ശശീന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com