
ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം എന്നത് സർക്കാരിൻ്റെ ലക്ഷ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആലുവ നിയോജകമണ്ഡലത്തിലെ പുറയാർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തടസമില്ലാത്ത റോഡുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ കേരളത്തിൽ നിലനിൽക്കുന്ന പ്രധാന തടസമാണ് റെയിൽവേ ലെവൽ ക്രോസുകൾ. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ കിഫ്ബിയുടെ സഹായത്തോടെ കുറഞ്ഞത് 99 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 23 എണ്ണത്തിൽ കേന്ദ്ര സർക്കാരിൻ്റെ കൂടി പങ്കാളിത്തമുണ്ടാകും.
കാഞ്ഞങ്ങാട്, കൊടുവള്ളി, ഫറോക്ക്, തിരൂർ, ഗുരുവായൂർ, ചിറങ്ങര, മുളന്തുരുത്തി, കാരിത്താസ്, മാളിയേക്കൽ എന്നിവിടങ്ങളിലായി ഒൻപത് മേൽപ്പാലങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്രയധികം മേൽപാലം പൂർത്തീകരിച്ചത് സർവകാല റെക്കോർഡാണ്.
ഏഴ് റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. അതിലേക്ക് പുറയാർ റെയിൽവേ മേൽപ്പാലം കൂടി ചേർക്കുകയാണ്. 53.71 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിർമ്മാണത്തിൻ്റെ ഓരോ ഘട്ടവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് പരിശോധിക്കും.
ബജറ്റിന് പുറമേ പശ്ചാത്തല വികസനത്തിനും മറ്റുമുള്ള തുക കിഫ്ബിയിലൂടെ കണ്ടെത്താൻ കഴിയുന്നുണ്ട്. കിഫ്ബി ഏറ്റവും അധികം ഫണ്ട് അനുവദിച്ച വകുപ്പുകളിൽ ഒന്നാണ് പൊതുമരാമത്ത് വകുപ്പ്. 136 റോഡുകളും 27 പാലങ്ങളും ഉൾപ്പെടെ 163 പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ പൂർത്തിയാക്കിയത്. 6616.13 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. നിലവിൽ 8308.8 കോടി രൂപയുടെ 160 പദ്ധതികളാണ് പുരോഗമിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിൻ്റേതായി 30,000 കിലോമീറ്റർ റോഡുകളാണ് കേരളത്തിലുള്ളത്. 2021-ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ച് വർഷത്തിനിടെ 50 ശതമാനം റോഡുകൾ ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്താനും നൂറു പാലങ്ങൾ നിർമ്മിക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നാല് വർഷം കൊണ്ട് ഈ ലക്ഷ്യങ്ങൾ മറികടക്കാൻ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
നിർദിഷ്ട പുറയാർ റെയിൽവേ മേൽപ്പാലത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. പി.എച്ച്.ഡി നേടിയ ദേശം സ്വദേശി ഡോ. വി എം ലാഗേഷിനെ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി പ്രതീഷ്, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയ മുരളീധരൻ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം ഷംസുദ്ദീൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയ രഘു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എസ് അസീസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്ഥിരം സമിതി അധ്യക്ഷർ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.