കെഫോണിലൂടെ ഇനി കേരളത്തിന് സ്വന്തമായി ഒ.ടി.ടിയും: ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും

കെഫോണിലൂടെ ഇനി കേരളത്തിന് സ്വന്തമായി ഒ.ടി.ടിയും: ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും
Published on

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിലൂടെ കേരളത്തിന് ഇനി സ്വന്തമായി ഒ.ടി.ടി സേവനങ്ങളും. 29 ഒടിടി പ്ലാറ്റ്‌ഫോമുകളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമുള്‍പ്പെടുത്തി കെഫോണ്‍ ഒരുക്കുന്ന ഒ.ടി.ടി സേവനങ്ങള്‍ ഓഗസ്റ്റ് 21ന് വൈകിട്ട് 6.00ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ കെഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) റിപ്പോര്‍ട്ട് അവതരിപ്പിക്കും. എ.എ റഹീം എം.പി, ശശി തരൂര്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. ഇ ആന്‍ഡ് ഐ.ടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ഐ.എ.എസ് സ്വാഗതവും കെഫോണ്‍ സി.ടി.ഒ മുരളി കിഷോര്‍ ആര്‍.എസ് നന്ദിയും പറയും. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കെഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kfon.in ല്‍ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി സൗജന്യ പാസ് സ്വന്തമാക്കാം.

പ്രമുഖ ഒ.ടി.ടികളായ ജിയോ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം ലൈറ്റ്, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടി.വി തുടങ്ങിയ ഒ.ടി.ടികളും വിവിധ ഡിജിറ്റല്‍ ചാനലുകളും കെഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഒ.ടി.ടി അടക്കമുള്ള പാക്കേജ് മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ എം.ഡിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. സ്‌പോര്‍ട്‌സും സിനിമയും സംഗീതവും സീരീസുകളും വിദ്യാഭ്യാസ ഉള്ളടക്കവുമെല്ലാമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയും വിപുലമാവുകയാണ് ഈ സാധ്യതയാണ് കെ-ഫോണും ഉപയോഗപ്പെടുത്തുന്നതെന്നും ഒ.ടി.ടി ഉള്‍പ്പെടെയുള്ള പാക്കേജിന്റെ താരിഫ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com