തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് ഔദ്യോഗികമായി ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളെ അറിയിച്ചു. സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള വടംവലികൾ ഒഴിവാക്കണമെന്നും നേതൃത്വം കർശന നിർദ്ദേശം നൽകി. കേരളത്തിലെ നേതാക്കൾക്കിടയിൽ ഏകോപനം വർദ്ധിപ്പിക്കാനായി പുതിയൊരു സംവിധാനം ഉടൻ നിലവിൽ വരും.(Kerala will not have a CM candidate in the next election, High Command instructs Kerala leaders)
എ.ഐ.സി.സി. (AICC) നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ വിഷയങ്ങളിൽ ഉടൻ തന്നെ തുടർനടപടികൾ ഉണ്ടാകും. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.
അടുത്ത തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം അടിസ്ഥാനമാക്കിയായിരിക്കും. ഈ കാര്യത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ എ.ഐ.സി.സി. നേരിട്ട് തയ്യാറാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ എ.ഐ.സി.സി. രൂക്ഷ വിമർശനമുയർത്തി. 'കൂട്ടായ നേതൃത്വം' എന്ന നിർദ്ദേശം കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നും, സമരങ്ങളിലും പ്രചാരണങ്ങളിലും നൽകുന്ന മിക്ക നിർദ്ദേശങ്ങളും നടപ്പാക്കപ്പെടുന്നില്ല എന്നും, മാധ്യമ പ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിലുള്ള പ്രവർത്തനം തീർത്തും അപര്യാപ്തമാണ് എന്നും വിമർശനമുണ്ട്.
നേതാക്കൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വന്തം പ്രതിച്ഛായ നിർമ്മിതിയിൽ മാത്രമാണ് എന്നും വിമർശനമുണ്ട്.