കേരളത്തെ ദന്തസംരക്ഷണ ഹബ്ബാക്കി മാറ്റും: മന്ത്രി വീണാ ജോർജ്

കേരളത്തെ ദന്തസംരക്ഷണ ഹബ്ബാക്കി മാറ്റും: മന്ത്രി വീണാ ജോർജ്
Published on

കേരളത്തെ ദന്തസംരക്ഷണത്തിന്റെയും ദന്തരോഗ ചികിത്സയുടെയും ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ, വനിതാശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി നിർമ്മിച്ച ആലപ്പുഴ ഗവ. ഡെന്റൽ കോളേജ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ കുട്ടികൾ ലക്ഷങ്ങൾ മുടക്കി മെഡിക്കൽ വിദ്യാഭ്യാസത്തിനായി മറ്റു നാടുകളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നതാണ് സർക്കാർ ലക്ഷ്യം. അവർക്ക് നാട്ടിൽ തന്നെ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് സർക്കാർ. സർക്കാർ മേഖലയിൽ 491 ബി എസ് സി നഴ്സിംഗ് സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 1250 സീറ്റുകളുണ്ട്. 15 സർക്കാർ ഇതര നഴ്സിംഗ് കോളേജുകളും ആരംഭിക്കാൻ സാധിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലുൾപ്പെടെ പിജി സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. കാലോചിതമായി പുതിയ ഡിപ്പാർട്ട്മെന്റുകൾ മെഡിക്കൽ കോളേജുകളിൽ ആരംഭിച്ചു. 2022ൽ കേരള ചരിത്രത്തിൽ ആദ്യമായി ഇടുക്കിയിലും പത്തനംതിട്ടയിലും മെഡിക്കൽ കോളേജുകൾക്ക് ഒരേസമയം അംഗീകാരം കിട്ടി. വയനാട്, കാസർഗോഡ് ജില്ലകളിൽ കൂടി അംഗീകാരം ലഭിച്ചാൽ കേരളത്തിലെ 14 ജില്ലകളിലും മെഡിക്കൽ കോളേജുകളുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് ഔപചാരിക ഉദ്ഘാടനത്തിന് മുൻപ് തന്നെ മന്ത്രിയുടെ നിർദ്ദേശാനുസരണം ആലപ്പുഴ ഡെന്റൽ കോളേജ് പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. പഠനത്തിനും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും മൂന്ന് നിലയുള്ള പുതിയ കെട്ടിടത്തിലുണ്ട്.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തംഗം ടി ജയപ്രകാശ്, ഗവ. ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി വി അനുപംകുമാർ, ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, ടി ഡി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ ഹരികുമാർ, പിടിഎ പ്രസിഡൻ്റ് കെ എ നസീർ, വകുപ്പ് മേധാവി ഡോ. ഷീല വെർജ്ജിനിയ റോഡ്രിഗസ്, ഡോക്ടർമാർ, വിദ്യാർഥികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com