ഭ്രാന്താലയം ആയിരുന്ന കേരളം ഇന്ന് മാനവാലയമായി മാറി ; സംസ്ഥാനം കാലാനുസൃത പുരോഗതി കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi vijayan

കിഫ്ബിയുടെ പ്രസക്തിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്.
pinarayi vijayan
Published on

തിരുവനന്തപുരം : ‘ഭ്രാന്താലയം’ ആയിരുന്ന കേരളം ഇന്ന് മാനവാലയമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നാടിന്റെ മാറ്റത്തിന് നവോത്ഥാന നായകർ കരണക്കാരായി. കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായത്. കിഫ്ബിയുടെ രജത ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബിയുടെ പ്രസക്തിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്. വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല. അപ്പോഴാണ് കിഫ്‌ബിയെ പുനരുജീവിച്ചാൽ സാമ്പത്തിക സ്രോതസ്സ് ആകുമെന്ന ചിന്ത വന്നത്. 150 പാലങ്ങൾ കിഫ്ബിയിൽ പൂർത്തിയായി. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. കളിക്കളങ്ങളിലും ആശുപത്രികളിലും കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നു. വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിലും കിഫ്ബി യുടെ സഹായം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലകാര്യങ്ങളിലും ഒട്ടേറെ പ്രത്യേകതകളുള്ള നാടാണ് നമ്മുടെ കേരളം. അതെല്ലാം കേരളത്തിന്റെ പഴയകാല ചരിത്രമാണ്. ഇന്ന് കാണുന്ന സൗകര്യങ്ങളോ അവസരങ്ങളോ ഒരുകാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതിരുന്ന കാലം ഉണ്ടായിരുന്നു. സമൂഹത്തിൽ വലിയൊരു വിഭാഗമാളുകൾ വലിയ പീഡനം അനുഭവിക്കേണ്ടിവന്നു.

വിദ്യ അഭ്യസിക്കാനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഉള്ള അവകാശം പോലും ഉണ്ടായിരുന്നില്ല. മുട്ടിന് താഴെ എത്തുന്ന മുണ്ടുടുക്കാൻ പറ്റില്ലായിരുന്നു. സ്ത്രീകൾക്ക് മാറ് മറക്കാൻ അവകാശമില്ലായിരുന്നു. ഇതെല്ലാം അടിച്ചേൽപ്പിച്ച കാര്യങ്ങളായിരുന്നു. ഇന്ന് അതിൽ നിന്ന് മാറിയിട്ടുണ്ടെങ്കിൽ, നവോത്ഥാനത്തിന് അതിൽ വലിയ പങ്കുണ്ട്. ജാതിഭേദവും മതവിദ്വേഷവും ഏതുമില്ലാതെ സർവരും സോ​ദരത്തേന വാഴുന്ന നാടായി ഈ നാടിനെ മാറ്റാൻ വേണ്ടി നവോത്ഥാന നായകർ നടത്തിയ പ്രവർത്തനം വലുതാണ്. വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് ലോകമാകെ എത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന മാനുഷിക മൂല്യമുയർത്തുന്ന ഒരു മാനവാലയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com