തിരുവനന്തപുരം: ലോകമെമ്പാടും വൻ ആഘോഷങ്ങളോടെ 2026-നെ വരവേറ്റു. ശാന്തസമുദ്രത്തിലെ കിരിബാസ് ദ്വീപുകളിൽ തുടങ്ങിയ പുതുവത്സരപ്പിറവി മണിക്കൂറുകൾ പിന്നിട്ട് യൂറോപ്പിലും അമേരിക്കയിലും ആവേശം വിതറി മുന്നേറുന്നു. കേരളത്തിൽ ഫോർട്ട് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് ആഘോഷങ്ങളിൽ പങ്കുചേർന്നത്.(Kerala welcomes New Year 2026 with new hopes along with the whole world)
പോയവർഷത്തെ സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും പ്രതീകമായ കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ഫോർട്ട് കൊച്ചി പുതുവർഷത്തെ സ്വീകരിച്ചത്. ഇത്തവണ പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തുമായി രണ്ട് പാപ്പാഞ്ഞികളെയാണ് ഒരുക്കിയത്. രണ്ടു ലക്ഷത്തിലധികം പേർ കൊച്ചിയിലെ ആഘോഷങ്ങളിൽ പങ്കാളികളായതായാണ് കണക്ക്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്.
കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിച്ചു. ഡി.ജെ ഉൾപ്പെടെയുള്ള കലാപരിപാടികൾ തലസ്ഥാനത്തെ ആഘോഷങ്ങൾക്ക് മിഴിവേകി. പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിൽ പാട്ടും നൃത്തവുമായി ഒത്തുചേർന്നത്. മലബാറിന്റെ ആഘോഷപ്പെരുമ വിളിച്ചോതുന്നതായിരുന്നു ബീച്ചിലെ തിരക്ക്. മേപ്പാടി ബോച്ചേ തൗസൻഡ് ഏക്കറിൽ നടന്ന കാർണിവൽ ശ്രദ്ധേയമായി. ഗൗരിലക്ഷ്മി, വേടൻ തുടങ്ങിയവർ പങ്കെടുത്ത സംഗീതനിശയും പാപ്പാഞ്ഞി കത്തിക്കലും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലായിരുന്നു ആഘോഷം. ബെംഗളൂരുവിലെ ബ്രിഗേഡ് റോഡ്, എം.ജി റോഡ്, കോറമംഗല എന്നിവിടങ്ങളിൽ ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവർ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുചേർന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കർശന നടപടികൾ സ്വീകരിച്ചത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
യു.എ.ഇയിൽ ലോക റെക്കോർഡ് കുറിച്ചുകൊണ്ടായിരുന്നു 2026-ന്റെ വരവ്. റാസ് അൽ ഖൈമയിൽ 2400 ഡ്രോണുകൾ അണിനിരന്ന പ്രദർശനവും ആറ് കിലോമീറ്റർ നീളത്തിലുള്ള വെടിക്കെട്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗവും ദുബായ് ഫ്രെയിമിലെ ദീപാലങ്കാരങ്ങളും പതിവുപോലെ വിസ്മയമായി.
കിരിബാസിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30-ന് തുടങ്ങിയ ആഘോഷങ്ങൾ ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ചൈന, യു.എ.ഇ, റഷ്യ വഴി കടന്ന് പുലർച്ചെ 5.30-ന് യു.കെയിലും എത്തിച്ചേർന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമുയർത്തിയാണ് ലോകം പുത്തൻ വർഷത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്.