

2025 വർഷം വിജിലൻസിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ പല നേട്ടങ്ങളും അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടിയ വർഷമാണ്. “അഴിമതിമുക്ത കേരളം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സർക്കാരിന്റെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് അടിത്തറയിടുന്ന പ്രവർത്തനമാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കഴിഞ്ഞവർഷം നടപ്പിലാക്കിയത്. കേന്ദ്രസർക്കാർ എന്നോ സംസ്ഥാന സർക്കാർ എന്നോ വ്യത്യാസമില്ലാതെ അഴിമതി മുഖമുദ്രയായി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ ട്രാപ്പ് അറസ്റ്റ് ഉൾപ്പെടെ നിരവധി അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ആണ് വിജിലൻസ് കാഴ്ചവെച്ചത്.
എല്ലാ വകുപ്പുകളും അഴിമതിരഹിതമാക്കണം എന്നുള്ള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നോഡൽ ഏജൻസിയായി എല്ലാ വകുപ്പുകളിലും ഇന്റേണൽ വിജിലൻസ് സംവിധാനം കൊണ്ടുവരുവാൻ കഴിഞ്ഞത് സർക്കാർ വകുപ്പുകളുടെ മുഖച്ഛായ തന്നെ മാറ്റിയ ഒന്നായി മാറി. അപ്രകാരം നിയമിതരാകുന്ന ഉദ്യോഗസ്ഥർ അവരുടെ അഴിമതി വിരുദ്ധ നടപടികളുടെ റിപ്പോർട്ടുകൾ വിജിലൻസ് ആസ്ഥാനത്തേക്ക് അയച്ചു കൊടുക്കേണ്ട സംവിധാനം ഇതിലൂടെ നിലവിൽ വന്നു. ഇന്റേണൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ വാർഷിക കോൺഫറൻസ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വിജിലൻസ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ മുഖ്യമന്ത്രി ഓരോ വകുപ്പിലും ഇന്റേണൽ വിജിലൻസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ട രീതികൾ വിശദീകരിക്കുകയും, ഈ ഉദ്യോഗസ്ഥർ അവരവരുടെ വകുപ്പുകളിൽ അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യണമെന്നും നിർദ്ദേശം നൽകിയിരുന്നു
അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലൻസ് നടത്തിയ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ 2025-ൽ റെക്കാർഡ് നേട്ടമാണ് സംസ്ഥാന വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോ കരസ്ഥമാക്കിയത്. 2025-ൽ 57 ട്രാപ്പ് കേസുകളിലായി ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഉൾപ്പെടെ ആകെ 76 പേരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇത് വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഇതിൽ 20 കേസുകളുള്ള റവന്യു വകുപ്പും, 12 കേസുകൾ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും, 6 കേസുകൾ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് 2025-ൽ വിജിലൻസ് പിടിച്ചിട്ടുള്ളത്.
ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ട്രാപ് കേസുകളില്‍ 5 എണ്ണം തിരുവനന്തപുരം ആസ്ഥാനമായ തെക്കന്‍ മേഖലയില്‍ നിന്നും, 9 ട്രാപ് കേസുകള്‍ കോട്ടയം ആസ്ഥാനമായ കിഴക്കന്‍ മേഖലയില്‍ നിന്നും, 28 ട്രാപ് കേസുകള്‍ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്ധ്യ മേഖലയില്‍ നിന്നും, 15 ട്രാപ് കേസുകള്‍ കോഴിക്കോട് ആസ്ഥാനമായ വടക്കന്‍ മേഖലയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടനിലക്കാരും ഏജന്റുമാരുമാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നടക്കുന്ന അഴിമതികളിൽ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നതെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് ഏജന്റുമാരെയും ഇടനിലക്കാരെയും ട്രാപ്പ് കേസുകൾ ഈ വർഷം വിജിലൻസ് കൂടുതലായി പിടികൂടുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കൂടാതെ ഈ വർഷം 201 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും, 57 വിജിലൻസ് അന്വേഷണങ്ങളും, 300 പ്രാഥമിക അന്വേഷണങ്ങളും, 136 രഹസ്യ അന്വേഷണങ്ങളും പുതുതായി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സർക്കാർ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിലേക്കായി രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ 2025-ൽ 1152 മിന്നൽ പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ വിജിലൻസിന് 2025 വർഷം ലഭിച്ച 9193 പരാതികളിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വിജിലൻസിന്റെ വിവിധ കോടതികളിലായി വിചാരണ നടന്നു വന്ന കേസുകളിൽ 2025 ൽ മാത്രം 30 കേസുകളിൽ നിന്നായി 39 പ്രതികളെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്.
അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഒരേ സമയം നടത്തുന്ന 8 സംസ്ഥാന തല മിന്നൽ പരിശോധനകൾ 2025-ൽ വിജിലൻസ് നടത്തുകയുണ്ടായി. റവന്യു വകുപ്പിൽ ഹൈവേ വികസനത്തിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി “ഓപ്പറേഷൻ അധിഗ്രഹൺ” എന്ന പേരിലും, നെൽ വയൽ-തണ്ണീർത്തടങ്ങൾ അനധികൃതമായി തരം മാറ്റുന്നതിലെ ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി “ഓപ്പറേഷൻ ഹരിത കവചം” എന്നീ പേരിലും, എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്നും കള്ള് ഷാപ്പുകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായും, ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ “ഓപ്പറേഷൻ സേഫ് സിപ്പ്” എന്ന പേരിലും ബാറുകളിലെ അനധികൃത മദ്യ വിൽപ്പനയും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി “ഓപ്പറേഷൻ ബാർ കോഡ്” എന്ന പേരിൽ തിരഞ്ഞെടുത്ത ബാറുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും, മോട്ടോർ വാഹന വകുപ്പിൽ “ഓപ്പറേഷൻ ക്ലീൻ വീൽസ്”, രജിസ്ട്രേഷൻ വകുപ്പിൽ “ഓപ്പറേഷൻ സെക്യുർ ലാൻഡ്” വനം വകുപ്പിൽ “ഓപ്പറേഷൻ വനരക്ഷ”, വിദ്യാഭ്യസ വകുപ്പിൽ “ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്” എന്നീ പേരുകളിലുമാണ് വിജിലൻസ് 2025-ൽ സംസ്ഥാനതല മിന്നൽ പരിശോധനകൾ നടത്തിയിട്ടുള്ളത്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ട്രാപ്പ് കേസുകളിലെ പ്രതികൾ വാങ്ങുന്ന കൈക്കൂലി തുകയിൽ വൻ വർദ്ധനവാണ് ഈ വർഷം കാണപ്പെട്ടത്. മുൻ കാലങ്ങളിൽ 500, 1000 രൂപയുടെ കൈക്കൂലി കേസുകളാണ് പിടിക്കപ്പെട്ടിരുന്നതെങ്കിൽ ഈ വർഷം ലക്ഷങ്ങളാണ് കൈക്കൂലി ഇനത്തിൽ കൈമാറവെ വിജിലൻസ് പിടിച്ചെടുത്തത്. രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ 3 കേസുകളും, ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഉൾപ്പെടെ 14,92,750/- രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ഗൂഗിൾ-പേ മുഖാന്തിരം കൈക്കൂലി വാങ്ങിയ 3 ട്രാപ്പ് കേസുകളും വിജിലൻസ് ഈ വർഷം രജിസ്റ്റർ ചെയ്തു.
ബഹു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഈ വർഷം നടപ്പിലാക്കിയ ഫയൽ തീർപ്പാക്കൽ അദാലത്തിൽ മികച്ച പ്രകടനം നടത്തി വി.എ.സി.ബി മുൻ നിരയിൽ എത്തിയിരുന്നു. വിജിലൻസ് കോടതികൾ ശിക്ഷിച്ചതിന് ശേഷം മേൽകോടതികളിൽ അപ്പീൽ സമർപ്പിച്ച് ജാമ്യത്തിൽ പോകുകയും എന്നാൽ മേൽ കോടതികൾ ശിക്ഷ ശരിവച്ച ശേഷം വിജിലൻസ് കോടതിയിൽ കീഴടങ്ങാതെ ഒളിൽ കഴിഞ്ഞിരുന്ന 12 പ്രതികളെയാണ് വിജിലൻസ് ഈ വർഷം പിടികൂടി ജയിലിലടച്ചത്.
സംസ്ഥാനത്ത് അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി വിജിലൻസ് വകുപ്പ് ഒരാഴ്ച നീണ്ടുനിന്ന വിജിലൻസ് അവയർനെസ്സ് വീക്ക് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുകയും, മറ്റുള്ള വകുപ്പുകളുടെ സഹകരണത്തോടെ നിരവധി അഴിമതി വിരുദ്ധ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരിലും പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും അഴിമതി വിരുദ്ധ പോരാട്ടം നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കിടയിലും, റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രമാക്കിയും പൊതുജനങ്ങൾ വന്നു കൂടുന്ന മറ്റു് സ്ഥലങ്ങളിലും വിജിലൻസ് ബോധവൽക്കരണ പരിപാടികളും, റാലികളും സംസ്ഥാന വ്യാപകമായി നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
വിജിലൻസ് ബ്യൂറോ പ്രവർത്തിക്കുന്നത് വിജിലൻസ് മാനുവലിന്റെ അടിസ്ഥാനത്തിലാണ്. കാലോചിതമായി വിജിലൻസ് മാനുവൽ പരിഷ്കരിക്കേണ്ട ആവശ്യം വന്നതിനാൽ വിജിലൻസ് ഡയറക്ടറുടെ മേൽനോട്ടത്തിൽ ഈ വർഷം വിജിലൻസ് മാന്വൽ പരിഷ്കരണം പൂർത്തിയായി. വിജിലൻസ് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യം തിരിച്ചറിഞ്ഞ് കേസുകൾ അടിയന്തരമായി തീർക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയും ഗവൺമെന്റും ഉചിതമായ തീരുമാനം എടുക്കുകയും അപ്രകാരം കൊല്ലം വിജിലൻസ് കോടതി നിലവിൽ വരികയും ചെയ്തു. അതോടുകൂടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കെട്ടിക്കിടന്ന കേസുകൾ കൊല്ലം കോടതിയിലേക്ക് മാറ്റുവാനും വിചാരണ ത്വരിതപ്പെടുത്തുവാനും കഴിഞ്ഞിട്ടുണ്ട്.
വിജിലൻസിന്റെ പല ഓഫീസുകളും തിരുവനന്തപുരം നഗരത്തിൽ വിവിധ ഭാഗങ്ങളിലായി വാടക കെട്ടിടങ്ങളിൽ സ്ഥിതിചെയ്യുന്നത് മൂലം പലവിധ ബുദ്ധിമുട്ടുകൾ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാവുന്നുണ്ട് എന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ് മുൻകൈയെടുത്ത് തിരുവനന്തപുരം മുട്ടത്തറയിൽ നിർമ്മാണം ആരംഭിച്ച 6736 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാല് നിലകളിലായുള്ള വിജിലൻസ് ഓഫീസ് കോംപ്ലക്സിന്റെ പൂർത്തീകരണം അവസാനഘട്ടത്തിലാണ്. ഈ ഓഫീസ് കോംപ്ലക്സ് യാഥാർത്ഥ്യമാകുന്നതോടുകൂടി നാല് വിജിലൻസ് എസ് പി ഓഫീസുകളും, തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഓഫീസും ലീഗൽ അഡ്വൈസർമാരുടെ ഓഫീസും മുട്ടത്തറ ഓഫീസ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിക്കും. കൂടാതെ വയനാട് വിജിലൻസ് യൂണിറ്റിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വയനാട് യൂണിറ്റ് പുതിയ ഓഫീസിലേക്ക് പ്രവർത്തനം മാറ്റും.
അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി വിജിലൻസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ സംവിധാനവും വാട്സ്ആപ്പ് സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം വിജിലൻസിന്റെ നിരവധി വാഹനങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കരുത് എന്നുള്ള തിരിച്ചറിവിൽ നിന്ന് സർക്കാർ വിജിലൻസിന് വാഹനം വാങ്ങുവാൻ മാറ്റിവെച്ച മുഴുവൻ തുകയും വാഹനങ്ങൾ വാങ്ങുന്നതിന് പ്രത്യേക ഉത്തരവ് നൽകി അനുവദിക്കുക വഴി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുമെന്നുള്ള സർക്കാർ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
കേസുകളുടെ ബാഹുല്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഒഴിഞ്ഞുകിടന്ന എല്ലാ തസ്തികകളിലും ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് സോഷ്യൽ മീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് 2025-ല്‍ വിജിലൻസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തെ ശക്തിപ്പെടുത്തുകയും അതുവഴി അഴിമതിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയും, അഴിമതി സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റിയുമുള്ള സന്ദേശങ്ങള്‍ നല്‍കിയത് സമൂഹത്തിൽ ജനങ്ങളെ വിജിലന്‍സിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഐശ്വര്യ പൂര്‍ണവും, സമ്പല്‍സമൃദ്ധി നിറഞ്ഞതും, അഴിമതി രഹിതവുമായ ഒരു പുതു വർഷം വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് പൊതുജനങ്ങള്‍ക്ക് നേരുകയും പുതുവര്‍ഷത്തിലും വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് പൊതു ജനങ്ങളുടെ സഹകരണം തുടർന്നും തേടുകയും ചെയ്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
The Kerala Vigilance and Anti-Corruption Bureau (VACB) achieved record-breaking success in 2025 under the leadership of Director Manoj Abraham IPS. The year saw the highest number of trap arrests in history, with 76 individuals caught in 57 operations. Key initiatives included the implementation of internal vigilance in all departments, the opening of a new Vigilance Court in Kollam, and high-profile lightning raids like "Operation Adhigrahan" and "Operation Haritha Kavacham."