തിരുവനന്തപുരം : ഭാരതാംബ ചിത്രം സെനറ്റ് ഹാളിൽ വച്ചത് സംബന്ധിച്ച ചോദ്യത്തെത്തുടർന്ന് വി സി മോഹനൻ കുന്നുമ്മൽ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രീയത്തിലേക്ക് ചോദ്യങ്ങൾ വഴുതി വീഴുന്നുവെന്നും മറുപടി പറയാൻ തയ്യാറല്ലെന്നും പറഞ്ഞാണ് അദ്ദേഹം ഇറങ്ങിപ്പോയത്. (Kerala University VC walked out of a press conference)
ഭരണത്തലവനായ ഗവർണറെ അപമാനിച്ചതിൻ്റെ പേരിലാണ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തതെന്നും, അത് സ്വാഭാവികമായ നടപടിയാണെന്നും പറഞ്ഞ അദ്ദേഹം, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും കൂട്ടിച്ചേർത്തു. സിൻഡിക്കേറ്റിൻ്റെ അധികാരം ഉപയോഗിക്കാൻ വിസിക്ക് അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സസ്‌പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ നോക്കിയ ഒരു ഫയലും താൻ ഒപ്പിട്ടിട്ടില്ല എന്നും, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് ക്രിമിനൽ കുറ്റമാണെന്നും വി സി വ്യക്തമാക്കി. വിദ്യാർത്ഥികളെന്ന പേരിൽ ചിലർ അക്രമം നടത്തുന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവ്വകലാശാലയിൽ വരാതിരുന്നതെന്നും, 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടുവെന്നും, ഇനി ഒരു ഫയലും തൻ്റെ മുന്നിലില്ല എന്നും അദ്ദേഹം പറഞ്ഞു. 20 ദിവസം വി സി ഇല്ലാതിരുന്നു എന്ന് പറയുന്നത് കളവാണെന്നും അദ്ദേഹം പ്രതികരിച്ചു.