'മലയോര ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിന് സാധിച്ചു, 4.8 കോടി രൂപ ചെലവിൽ രണ്ടാംഘട്ടം'- മന്ത്രി മുഹമ്മദ് റിയാസ് | Muhammad Riyas

എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം നഗരത്തോട് ചേര്‍ന്ന് 7.25 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കും
muhammed riyas
Published on

മലയോര ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിന് സാധിച്ചെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുക്കം പാലം, മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം എന്നിവയുടെ പ്രവൃത്തി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്തുതല വികസനത്തിന്റെ ഹബ്ബായി കേരളം മാറിയെന്നും അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. (Muhammad Riyas)

എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം നഗരത്തോട് ചേര്‍ന്ന് 7.25 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. നഗരസൗന്ദര്യവത്കരണത്തിന്റെ ഒന്നാം ഘട്ടത്തോടനുബന്ധിച്ച് നിര്‍മിച്ച മിനി പാര്‍ക്ക് സംരക്ഷിച്ച്, നിലവിലെ പാലം പൊളിക്കാതെയാണ് വലത് വശത്ത് പുതിയ പാലം നിര്‍മിക്കുന്നത്. 26 മീറ്റര്‍ നീളത്തില്‍ ഒന്നര മീറ്റര്‍ നടപ്പാതയുള്‍പ്പെടെ 9 മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മിക്കുക. പഴയ പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്കും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. 18 മാസമാണ് നിര്‍മാണ കാലാവധി.

4.8 കോടി രൂപ ചെലവഴിച്ചാണ് മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തി നടത്തുന്നത്. നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍പ്പെടുന്ന എസ്.കെ പാര്‍ക്ക് റോഡ്, തൃക്കുടമണ്ണ റോഡ്, ഓര്‍ഫനേജ് റോഡ്, മരക്കാര്‍ ഹാജി റോഡ്, ബസ് സ്റ്റാന്‍ഡ് റോഡ്, പുതിയ ബൈപാസ് തുടങ്ങിയ നഗരത്തിലെ മുഴുവന്‍ റോഡുകളും പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കും.

ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. ചടങ്ങിൽ റോഡ് നവീകരണത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയവരെ എംഎല്‍എ പൊന്നടയണിയിച്ച് ആദരിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അതുല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ടി ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ചാന്ദ്‌നി, പ്രജിത പ്രദീപ്, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com