തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം സംസ്ഥാനത്തെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് കമ്മീഷണർമാരും രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഏപ്രിൽ രണ്ടാം വാരത്തോടെ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന.(Kerala to hold assembly elections, Plans to hold in a single phase in April)
തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും ഉൾപ്പെടുത്താൻ സർക്കാർ പ്രത്യേക ഡ്രൈവ് പ്രഖ്യാപിച്ചു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ അവ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകൾക്കായി ഈ കാലയളവിൽ യാതൊരു ഫീസും ഈടാക്കില്ല.
ജനങ്ങളെ സഹായിക്കാൻ തദ്ദേശ സ്വയംഭരണ തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. വോട്ടർപട്ടിക സംബന്ധമായ സേവനങ്ങൾക്ക് അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാൻ ഐ.ടി വകുപ്പിന് നിർദ്ദേശം നൽകി.
പരാതികൾ പരിഹരിക്കാൻ ആവശ്യമായ വോളന്റിയർമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കൂടുതൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കാൻ കളക്ടർമാരെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് നേരത്തെയാകാനുള്ള സാധ്യത പരിഗണിച്ച് മുന്നണികൾ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വയനാട് സമ്മിറ്റിന് ശേഷം 'ലക്ഷ്യ 2026' എന്ന പേരിൽ മണ്ഡലം തലത്തിലുള്ള ക്യാമ്പയിനുകൾ ആരംഭിച്ചു. ജനുവരി അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ലക്ഷ്യമിടുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ടേം വ്യവസ്ഥയിൽ ഇളവുകൾ വരുത്തിയുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു. എ ക്ലാസ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം.