

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾക്ക് കൂടി അനുമതി നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇടുക്കി മെഡിക്കൽ കോളേജ്, അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലാണ് കാത്ത് ലാബ് സ്ഥാപിക്കുന്നത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
അനുവദിച്ച തുക
ഇടുക്കി മെഡിക്കൽ കോളേജ്: കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപ.
അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രി: കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപ.
ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ, രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.
സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വലിയ തോതിലുള്ള കാത്ത് ലാബ് വികസനമാണ് നടക്കുന്നത്.അടുത്തിടെ കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ പുതുതായി കാത്ത് ലാബുകൾക്ക് അനുമതി നൽകിയിരുന്നു. ഈ മൂന്ന് മെഡിക്കൽ കോളേജുകൾക്കായി കാത്ത് ലാബുകൾക്കും സി.സി.യുക്കൾക്കുമായി 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ പുതുതായി അഞ്ച് കാത്ത് ലാബുകൾക്കാണ് അനുമതി നൽകിയത്.സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ, ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ നിലവിൽ കാത്ത് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.കാസർഗോഡ് (2023), വയനാട് (2024) ജില്ലകളിലാണ് ഏറ്റവും അവസാനം കാത്ത് ലാബുകൾ സ്ഥാപിച്ചത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാത്ത് ലാബ് പ്രൊസീജിയറുകൾ നടക്കുന്നതെന്ന് ഇൻ്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലാണ് ഏറ്റവും കൂടുതൽ പ്രൊസീജിയറുകൾ നടക്കുന്നത്.