തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കടുത്ത പോരാട്ടത്തിൽ ജില്ലകൾ. നിലവിൽ കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകൾ തമ്മിലാണ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ഭരതനാട്യം, ഒപ്പന, മിമിക്രി, നാടോടിനൃത്തം തുടങ്ങി കാണികളെ ആകർഷിക്കുന്ന ജനപ്രിയ ഇനങ്ങൾ ഇന്ന് വിവിധ വേദികളിലെത്തും.(Kerala State School Kalolsavam enters second day, A fierce battle between Kannur and Kozhikode)
തൃശൂരിലെ കഠിനമായ വെയിലിനെ അവഗണിച്ചും ആയിരങ്ങളാണ് കലോത്സവ നഗരിയിലേക്ക് എത്തുന്നത്. ഒന്നാം ദിനമായ ഇന്നലെ പല മത്സരങ്ങളും പുലർച്ചെ വരെ നീണ്ടു നിന്നിരുന്നു. രാത്രി വൈകിയും വേദികളിൽ കാണികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായി 15,000-ത്തോളം പ്രതിഭകളാണ് അഞ്ചു ദിവസങ്ങളിലായി മാറ്റുരയ്ക്കുന്നത്.
ബുധനാഴ്ച രാവിലെ പത്തിന് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.