കേരള സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു: ചരിത്രത്തിൽ ആദ്യമായി തീം സോങും സ്വർണ്ണക്കപ്പും | Sports
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമായി. സംസ്ഥാനത്തെ കായിക പ്രതിഭകളുടെ മഹാസംഗമത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിതെളിയിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചതോടെ കായിക ആവേശത്തിന് തുടക്കമായി.(Kerala School Sports Festival kicks off in Thiruvananthapuram)
സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഒരു തീം സോങ് ഈ വർഷം അവതരിപ്പിച്ചു. മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നേടി. വയനാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴ് ദിവസങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവുമാണ് പ്രധാന വേദികൾ.
ഇരുപതിനായിരത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 'ഇൻക്ലൂസീവ് സ്പോർട്സ്' ഇനങ്ങളുമുണ്ട്. ഇതിൽ 1944 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. കൂടാതെ, ഗൾഫ് മേഖലയിലെ ഏഴ് സ്കൂളുകളിൽ നിന്നുള്ള 39 കുട്ടികളും മേളയുടെ ഭാഗമാകും.
വിജയികൾക്ക് ഇതാദ്യമായി 117.5 പവന്റെ സ്വർണ്ണക്കപ്പ് സമ്മാനിക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ, നടി കീർത്തി സുരേഷ് എന്നിവരാണ് കായികമേളയുടെ അംബാസഡർമാർ.
പുത്തരിക്കണ്ടം മൈതാനത്താണ് വിശാലമായ ഭക്ഷണശാല. ഒരേ സമയം കാൽ ലക്ഷത്തോളം പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാനാകും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം.
ഒക്ടോബർ 23-നാണ് ട്രാക്ക് ഇനങ്ങൾക്ക് തുടക്കമാകുക. കായികമേളയോടനുബന്ധിച്ച് ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുത്തരിക്കണ്ടം ഭക്ഷണശാലയിലേക്ക് വരുന്ന വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലോ ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം. പ്രധാന റോഡുകളിലും ഇടറോഡുകളിലും ഗതാഗത തടസ്സമുണ്ടാക്കി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.