തിരുവനന്തപുരം: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. അന്നദാനത്തിൻ്റെ ഭാഗമായി പുലാവും സദ്യയുമാണ് തീർത്ഥാടകർക്ക് നൽകുക. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പുന്ന രീതിയിലായിരിക്കും ക്രമീകരണം.(Kerala Sadhya will be served on alternate days at Sabarimala, Devaswom Board President )
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മീഷണറെ ഇന്ന് ചേർന്ന ബോർഡ് യോഗം ചുമതലപ്പെടുത്തി. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും നൽകുക. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് മൂന്ന് മണി വരെ സദ്യ വിതരണം ചെയ്യും.
സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഇതിനായി ഉപയോഗിക്കുക. ഡിസംബർ 2 മുതൽ കേരള സദ്യ നൽകാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ന് നടന്ന ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമെടുത്തത്.
നിലവിലുള്ള ടെൻഡറിനുള്ളിൽ തന്നെ സാധനങ്ങൾ വാങ്ങുന്നതിനാൽ നിയമപ്രശ്നമില്ലെന്നും ഒൻപത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു.