ശബരിമലയിൽ കേരള സദ്യ ഡിസംബർ 21 മുതൽ, മാസ്റ്റർ പ്ലാൻ യോഗം നാളെ: ദേവസ്വം ബോർഡ് പ്രസിഡൻ്റ് | Sabarimala
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്കായി കേരളീയ സദ്യ വിളമ്പുന്നത് ഈ മാസം 21-ാം തീയതി മുതൽ ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നേരത്തെ ഡിസംബർ 2 മുതൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് തീയതി മാറ്റിയത്.(Kerala Sadhya at Sabarimala from December 21, master plan meeting tomorrow, says Devaswom Board President)
പുലാവും കേരള സദ്യയും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും നൽകുന്നത്. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ കുറഞ്ഞത് ഏഴ് വിഭവങ്ങളടങ്ങിയ സദ്യയാണ് ഒരുക്കുക. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളുമായിരിക്കും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമപ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ നാളെ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേരും. മാസ്റ്റർ പ്ലാനിൽ ഉടൻ നടപ്പിലാക്കേണ്ട പദ്ധതികൾ ഏതൊക്കെയെന്ന് നാളത്തെ യോഗത്തിൽ തീരുമാനിക്കും. നിലവിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ബോർഡിന്റെ കൈവശം ആവശ്യത്തിന് പണമില്ല. അതിനാൽ സ്പോൺസർഷിപ്പ് സ്വീകരിക്കാനാണ് തീരുമാനം.
സ്പോൺസർമാരെ കണ്ടെത്തുന്നതിന് ഇടനിലക്കാരെ അനുവദിക്കില്ലെന്നും ബോർഡ് നേരിട്ട് തന്നെ സ്പോൺസർമാരെ കണ്ടെത്തുമെന്നും കെ. ജയകുമാർ അറിയിച്ചു. മണ്ഡലകാലത്ത് ഭക്തർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണക്രമത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
