തിരുവനന്തപുരം : ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 2-3 ദിവസം കൊണ്ട് ഇത് ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.(Kerala rain alert today )
ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 06, 09, 10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജൂലൈ 6-8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
06/07/2025: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
09/07/2025: കണ്ണൂർ, കാസർഗോഡ്.
10/07/2025: കണ്ണൂർ, കാസർഗോഡ്.
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.