കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ട സംഭവം: തമിഴ്നാട് പോലീസിന് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്; 3 ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കും | Kerala Police

കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ട സംഭവം: തമിഴ്നാട് പോലീസിന് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്; 3 ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കും | Kerala Police

ഒരു മണിക്കൂറോളം തമിഴ്‌നാട് പോലീസ് വിവരം ഒളിച്ചുവെച്ചു.
Published on

തൃശൂർ: 53 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ (45) തൃശൂർ വിയ്യൂരിലെ ജയിൽ പരിസരത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ തമിഴ്‌നാട് പോലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന കേരള പോലീസ് കണ്ടെത്തി. തമിഴ്നാട് ബന്ദൽകുടി എസ്.ഐ. നാഗരാജൻ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം.(Kerala Police says Tamil Nadu Police committed serious lapse on Balamurugan escaping custody)

ബാലമുരുകൻ രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായതായി കേരള പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ ശേഷം സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. പ്രതിയെ കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.

ഇന്നലെ രാത്രി 9.40-നാണ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതെങ്കിലും, ഒരു മണിക്കൂറോളം തമിഴ്‌നാട് പോലീസ് ഇത് ഒളിച്ചുവെച്ചു. രാത്രി 10.40-ന് മാത്രമാണ് വിയ്യൂർ പോലീസിനെ വിവരം അറിയിച്ചത്. ബന്ദൽകുടി എസ്.ഐ. നാഗരാജനും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഈ വീഴ്ചകളുടെ പേരിൽ കേരള പോലീസ് കേസെടുക്കും.

തമിഴ്‌നാട്ടിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് വിരുനഗറിലെ കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂരിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45-ഓടെ വിയ്യൂർ സെൻട്രൽ ജയിലിന്റെ പരിസരത്ത് വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ഇന്ന് പുലർച്ചെ മൂന്നുമണിക്ക് തിരച്ചിൽ നടത്തിയ പോലീസിന്റെ കൺമുന്നിൽ നിന്നാണ് പ്രതി വിയ്യൂർ ഹൗസിംഗ് കോളനി വഴി രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. ബാലമുരുകനെ കണ്ടെത്താൻ കേരള പോലീസ് തൃശൂരിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്.

രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നുകളയാനുള്ള സാധ്യത കണക്കിലെടുത്ത്, ബൈക്ക് മോഷണം റിപ്പോർട്ട് ചെയ്താൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. വാഹനങ്ങളിൽ താക്കോൽ വെക്കരുതെന്നും മുന്നറിയിപ്പുണ്ട്. പോലീസ് പരിസരത്തെ വീടുകളിലും കിണറുകളിലും ഹൗസിംഗ് കോളനികളിലും പരിശോധന നടത്തുന്നുണ്ട്.

2021-ൽ തമിഴ്നാട്ടിലെ കവർച്ചാ കേസിൽ മറയൂരിൽ നിന്നാണ് കേരള പോലീസ് ബാലമുരുകനെ പിടികൂടി നൽകിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മറയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. പിന്നീട് മറയൂർ പോലീസ് ഇയാളെ പിടികൂടി വിയ്യൂരിൽ എത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ രക്ഷപ്പെടൽ.

തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ബാലമുരുകനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണം. രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. രക്ഷപ്പെട്ട പ്രതി വീട്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

അറിയിക്കേണ്ട നമ്പർ (വിയ്യൂർ എസ്.എച്ച്.ഒ.): 9497947202

Times Kerala
timeskerala.com