

തൃശൂർ: റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 58-കാരനെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ആളൂർ പോലീസ്. ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് വെച്ച് പോലീസ് അതിസാഹസികമായി രക്ഷിച്ചത്.(Kerala police rescues man from railway track)
വെള്ളാഞ്ചിറ ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ ആളൂർ പോലീസിനെ വിവരമറിയിച്ചു. വിവരം ലഭിച്ച ഉടൻ ആളൂർ സ്റ്റേഷനിലെ ജി.എസ്.ഐ ജെയ്‌സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി.
പോലീസ് എത്തുമ്പോൾ ട്രാക്കിൽ തലവെച്ച് ആത്മഹത്യയ്ക്ക് ഒരുങ്ങി കിടക്കുകയായിരുന്നു ഇയാൾ. ട്രെയിൻ വരാൻ സാധ്യതയുള്ളതിനാൽ ഒട്ടും സമയം കളയാതെ പോലീസ് ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം മാനസികമായി തളർന്ന ഇദ്ദേഹത്തെ പോലീസ് ആശ്വസിപ്പിച്ചു. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.