തിരുവനന്തപുരം: യുഎസിന്റെ പിടികിട്ടാപ്പുള്ളിയായ രാജ്യാന്തര കുറ്റവാളിയെ കേരള പോലീസ് പിടികൂടി. ഇന്റർപോൾ റെഡ്‌കോർണർ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണു വർക്കലയിൽ പോലീസിന്റെ പിടിയിലായത്. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് ഇയാൾ.
ക്രിമിനൽ സംഘങ്ങൾക്കും സൈബർ കുറ്റവാളികൾക്കും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകി എന്നതാണ് ഇയൾക്കെതിരായ പ്രധാന കേസ്. ഇതിനെ തുടർന്ന് അലക്‌സേജ് ബെസിയോകോവിനെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ലിത്വാനിയൻ പൗരനായ ഇയാൾ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി വർക്കലയിലെ ഹോംസ്‌റ്റേയിൽ എത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന ഇയാളെ സിബിഐയുടെ ഇന്റർപോൾ യൂണിറ്റിന്റെ സഹായത്തോടെ കേരള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസിൽ ഇടപെട്ടു. തുടർന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഇന്റർപോൾ, സിബിഐ, കേരള പോലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു ഇയാൾ അറസ്റ്റിലായത്. പ്രതിയെ കേരള പോലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയശേഷം യുഎസിനു കൈമാറിയേക്കും.