തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ഛത്തീസ്ഗഡിൽ ഉണ്ടായ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Kerala nuns arrested in Chhattisgarh)
തങ്ങളുടെ നിലപാട് തുറന്നു കാണിക്കാനായി ഓഗസ്റ്റ് 3, 4 തീയതികളിൽ എൽ ഡി എഫ് പ്രതിഷേധ സംഗമം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് നോക്കിനിൽക്കേയാണ് സംഘപരിവാർ കടന്നാക്രമണം ഉണ്ടായതെന്നും, അവർ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമാണെന്നും, ഛത്തീസ്ഗഡിലെ കോൺഗ്രസ് ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.