മലപ്പുറം : അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ നടത്തിയ പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. നാടിന് ഗുണകരമായ പദ്ധതികളെ സർക്കാർ എതിർക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശ്രീധരന്റെ മുൻപത്തെ ചില നിലപാടുകൾ വികസന വിരുദ്ധമായിരുന്നുവെന്നും ആരോപിച്ചു.(Kerala needs high-speed railway, says Minister V Abdurahiman)
അതിവേഗ റെയിൽ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയ വിവരം ഇ. ശ്രീധരൻ പറഞ്ഞാണ് അറിഞ്ഞത്. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ തനിക്ക് ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചിട്ടില്ല. ഒരുപക്ഷേ ഫയലുകൾ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഇ. ശ്രീധരൻ മുൻപ് വികസന പ്രവർത്തനങ്ങളെ എതിർത്ത ആളാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തവനൂരിൽ പുതിയ പാലം നിർമ്മിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയപ്പോൾ അതിനെതിരെ കോടതിയിൽ പോയത് ഇ. ശ്രീധരനാണ്. ഇത്തരം നിലപാടുകൾ മാറ്റി നാടിന് ഗുണകരമായ കാര്യങ്ങൾക്കൊപ്പം നിൽക്കാൻ അദ്ദേഹം തയ്യാറാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഹൈസ്പീഡ് റെയിൽവേ കേരളത്തിന് അത്യാവശ്യമാണ്. ആര് നടപ്പിലാക്കിയാലും കേരളത്തിന് ഗുണകരമാകുമെങ്കിൽ അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.