
സമഗ്ര വികസനത്തില്‍ മാതൃക തീര്‍ത്താണ് കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിന്റെ ഒ.ടി.ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര വികസനം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന കേരള സര്‍ക്കാരിന്റെ ശക്തമായ ചുവടുവെയ്പ്പാണ് കെഫോണ്‍ ഒ.ടി.ടി. ചുരുങ്ങിയ കാലയളവില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കെഫോണിന് സാധിച്ചിട്ടുണ്ട്. സാര്‍വ്വത്രിക ഇന്റര്‍നെറ്റ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. സേവനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു ലക്ഷം കണക്ഷനുകളെന്ന അഭിമാന നേട്ടവും രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ഐ.എസ്.പി എ ലൈസന്‍സും നേടിയാണ് കെഫോണിന്റെ വളര്‍ച്ച.
നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെ കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയാണ് നിലവില്‍ കെഫോണിന്റെ കുതിപ്പ്.
ആകെ 1,16,234 കണക്ഷനുകളാണ് കെഫോണ്‍ സംസ്ഥാനത്തുടനീളം നല്‍കിയിരിക്കുന്നത്. ഇതിനോടകം 23,163 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 3079 ആണ്. കൊമേഴ്സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 75773 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14194 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്. ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈബര്‍ ലീസിന് നല്‍കിക്കഴിഞ്ഞു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. 3,800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകള്‍ക്ക് പുറമേ സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ വിവിധ മുന്‍നിര സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനം കെ ഫോണ്‍ നല്‍കി വരുന്നു. അടുത്ത വര്‍ഷത്തോടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കെഫോണ്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500-ന് മുകളില്‍ ഉപഭോക്താക്കളുണ്ട്. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ കെഫോണ്‍ മുഖേന നല്‍കിവരുന്നുണ്ട്. അതിന് പുറമേ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ട്രൈബല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കണക്ടിംഗ് ദി അണ്‍കണക്ടഡ് എന്ന പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു. നിലവില്‍ ഈ പദ്ധതി മുഖേന കോട്ടൂരില്‍ 103 കുടുംബങ്ങളിലും അട്ടപ്പാടിയില്‍ 396 കുടുംബങ്ങളിലും ഇതിനോടകം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു.
ഈ പദ്ധതി എവിടെയും എത്തില്ല എന്ന് പറഞ്ഞ് വെല്ലുവിളിക്കുകയും ആക്ഷേപങ്ങളുന്നയിക്കുകയും ചെയ്തവരുടെ മുന്നില്‍ അഭിമാനാര്‍ഹമായ വളര്‍ച്ച നേടിയാണ് കേരളത്തിന്റെ സ്വന്തം കെഫോണ്‍ മുന്നോട്ട് കുതിക്കുന്നത്. ഈ പദ്ധതി ആരംഭിച്ചപ്പോള്‍ ഒട്ടേറെ സംശയങ്ങളും ആക്ഷേപങ്ങളുമായി കുറച്ചുപേര്‍ രംഗത്ത് വന്നു. ആദ്യം ഈ പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന് പറഞ്ഞു, പിന്നീട് യാഥാര്‍ത്ഥ്യമായപ്പോള്‍ മുന്നോട്ട് പോകില്ലെന്ന് പറഞ്ഞു. വിജയകരമായി മുന്നോട്ട് കുതിച്ചപ്പോള്‍ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നു. ചിലര്‍ പദ്ധതിക്കെതിരേ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി അവരോട് ചോദിച്ചത് പബ്ലിക്ക് ഇന്‍ട്രസ്റ്റാണോ അതോ പബ്ലിസിറ്റി ഇന്‍ട്രസ്റ്റാണോ ഇതിന് പിന്നിലെന്നാണ്. സ്ഥാപിത താല്‍പര്യങ്ങളും പ്രതിഷേധങ്ങളും വകവെച്ചു കൊടുക്കാതെ ഉത്തമ ലക്ഷ്യത്തോടെയും ഇച്ഛാശക്തിയോടെയും ഇത്തരക്കാര്‍ക്ക് മുന്നില്‍ മുട്ട് മടക്കാതെ ഈ സര്‍ക്കാര്‍ മുന്നോട്ട് പോകും. എത്ര ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചാലും തിരിച്ചുവരവുണ്ടാകുമെന്നും തലയുയര്‍ത്തി തന്നെ നമ്മള്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നമുക്കേവര്‍ക്കും അഭിമാനമായി കെഫോണ്‍ ഒ.ടി.ടി സേവനങ്ങളും ആരംഭിക്കുകയാണ്. ഇതിലൂടെ വിനോദ മേഖലയിലും ശക്തമായ ചുവടുവെയ്പ്പാണ് കേരളം നടത്തുന്നത്. വിനോദവും വിജ്ഞാനവും വിരല്‍ത്തുമ്പിലൊരുക്കി 29ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളുമടങ്ങുന്ന സേവനങ്ങള്‍ക്കാണ് ഇന്നിവിടെ തുടക്കമിടുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി എത്തുന്ന ഒ.ടി.ടിയിലൂടെ മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം തന്നെയാണ് നല്‍കുക. ഇതും മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിക്കും എന്നതില്‍ തര്‍ക്കമില്ല.
പ്രമുഖ ഒ.ടി.ടികളായ ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്‌സ് ടി.വി തുടങ്ങിയ ഒ.ടി.ടികളും കെഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും കെഫോണ്‍ ഒരുക്കിയിട്ടുണ്ട്. 444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒ.ടി.ടിക്കായി തയാറാക്കിയിരിക്കുന്നത്. ഇവയെല്ലാംതന്നെ ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമഗ്രമായ പദ്ധതികള്‍ക്കൊണ്ടും തുടര്‍ വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് കെഫോണ്‍ പ്രവര്‍ത്തനം. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്തഘട്ട നടപടികള്‍. കേരളത്തിന്റെ അടിസ്ഥാന വികസനത്തിനാകെ മുതല്‍ക്കൂട്ടാകുന്ന ഈ മഹത്തായ പദ്ധതിക്ക് പിന്തുണ നല്‍കി വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം കനകക്കുന്ന് പാലസ്, നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. കെഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളാ ഐ.ടി മിഷന്‍ ഡയറക്ടര്‍ സന്ദീപ് കുമാര്‍ ഐ.എ.എസ് ചടങ്ങിന് ആശംസകളറിയിച്ച് സംസാരിച്ചു. ഇ ആന്‍ഡ് ഐ.ടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ചടങ്ങിന് സ്വാഗതവും കെഫോണ്‍ സി.ടി.ഒ മുരളി കിഷോര്‍ ആര്‍.എസ് നന്ദിയും പറഞ്ഞു.
കെഫോണ്‍ ഒ.ടി.ടി പാക്കേജ്
സ്റ്റാര്‍ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 444 രൂപയുടെ ഏറ്റവും കുറഞ്ഞ ഒരു മാസ പാക്കേജില്‍ 4500 ജിബി ഡാറ്റാ ലിമിറ്റില്‍ 45 എംബിപിഎസ് വേഗതയിലുള്ള ഇന്റര്‍നെറ്റും 23 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 1265 രൂപയ്ക്കും ആറ് മാസത്തേക്ക് 2398 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 4529 രൂപയ്ക്കും ലഭ്യമാകും. വൈബ് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 599 രൂപയുടെ ഒരു മാസ പാക്കേജില്‍ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. 55 എംബിപിഎസ് വേഗതയില്‍ 4500 ജിബി ഇന്റര്‍നെറ്റും ലഭ്യമാകും. മൂന്ന് മാസത്തേക്ക് 1707 രൂപയും ആറ് മാസത്തേക്ക് 3235 രൂപയും ഒരു വര്‍ഷത്തേക്ക് 6110 രൂപയും നല്‍കി ഈ സേവനം ആസ്വദിക്കാം. 799 രൂപയുടെ വൈബ് പ്ലസ് ഒരു മാസ പാക്കേജില്‍ വൈബിലേതുപോലെത്തന്നെ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. എന്നാല്‍ ഡാറ്റാ സ്പീജ് 105 എംബിപിഎസ് ആയി ഉയരും. 4500 ജിബിയാണ് ഡേറ്റ ലിമിറ്റ്. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 2277 രൂപയ്ക്കും ആറ് മാസത്തേക്ക് 4315 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 8150 രൂപയ്ക്കും ലഭ്യമാകും. മാസം 899 രൂപയ്ക്ക് ലഭിക്കുന്ന അമേസ് എന്ന പാക്കേജില്‍ 65 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജിന്റെ മൂന്ന് മാസത്തേക്കുള്ള തുക 2562 രൂപയാണ്. ആറ് മാസത്തേക്ക് 4855 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 9170 രൂപയ്ക്കും ഈ പാക്കേജ് ആസ്വദിക്കാം. 999 രൂപയുടെ അമേസ് പ്ലസ് ഒരു മാസ പാക്കേജില്‍ 155 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജ് 2847 രൂപയ്ക്ക് മൂന്ന് മാസത്തേക്കും 5395 രൂപയ്ക്ക് ആറു മാസത്തേക്കും 10190 രൂപയ്ക്ക് ഒരു വര്‍ഷത്തേക്കും ലഭ്യമാണ്.