തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ (തിങ്കളാഴ്ച) നടക്കും. തിരുവനന്തപുരം കോർപ്പറേഷനിലെയും മലപ്പുറം, എറണാകുളം ജില്ലകളിലെയും ഓരോ പഞ്ചായത്ത് വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്. ശനിയാഴ്ച വൈകിട്ട് പരസ്യപ്രചാരണം അവസാനിച്ചതിനെത്തുടർന്ന് ഇന്ന് നിശബ്ദ പ്രചാരണമാണ് വാർഡുകളിൽ നടക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്നത് ഇവിടെ:
തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം വാർഡ്.
മലപ്പുറം ജില്ല: മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ്.
എറണാകുളം ജില്ല: പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ്.
ഈ മാസം 13-ന് (ചൊവ്വാഴ്ച) രാവിലെ 10 മണി മുതൽ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വെച്ച് വോട്ടെണ്ണൽ ആരംഭിക്കും. സുഗമമായ പോളിംഗിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.