തിരുവനന്തപുരം: ജനുവരി 20-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. ജനുവരി 29നാണ് ബജറ്റ് അവതരണം.(Kerala Legislative Assembly session from January 20, Budget presentation on January 29)
കൊച്ചി ക്യാൻസർ സെന്ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെ 159 എണ്ണം സൃഷ്ടിക്കും. ഫോറൻസിക് ലാബിൽ ബയോളജി, കെമിസ്ട്രി, ഡോക്യുമെന്റ്സ് വിഭാഗങ്ങളിലായി 12 സയന്റിഫിക് ഓഫീസർ തസ്തികകൾ. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ തലശ്ശേരിയിൽ പുതിയ ബെഞ്ച് അനുവദിച്ചു. ഇതിനായി 22 തസ്തികകൾ സജ്ജമാക്കും.
കേരള അഗ്രോ മിഷണറി കോർപ്പറേഷൻ (KAMCO), കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്തി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ലൈബ്രറികൾ, സാംസ്കാരിക നിലയങ്ങൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നിവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും.
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കുടിശ്ശിക ശമ്പളം നൽകാൻ 5.7 ലക്ഷം രൂപ അനുവദിച്ചു. കുട്ടനാട്ടിൽ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പ് സെറ്റുകൾക്കായി ദുരന്ത പ്രതികരണ നിധിയിൽ നിന്ന് തുക അനുവദിക്കാൻ കളക്ടർക്ക് അധികാരം നൽകി. ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ ലൈൻ പദ്ധതിക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു.