മലപ്പുറം: നിളയുടെ തീരത്ത് ചരിത്രം പുനരാവിഷ്കരിച്ചുകൊണ്ട് മഹാമാഘ ഉത്സവം എന്ന പേരിലറിയപ്പെടുന്ന കേരള കുംഭമേളയ്ക്ക് നാളെ തുടക്കമാകും. രാവിലെ 11 മണിക്ക് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങിൽ കൊടിയേറ്റും. ഫെബ്രുവരി 3 വരെയാണ് മേള നീണ്ടുനിൽക്കുന്നത്.(Kerala Kumbh Mela to begin tomorrow, Governor to hoist the flag)
അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്നുള്ള കൊടിയും കൊടിമരവും ഇന്ന് ഘോഷയാത്രയായി തിരുനാവായയിൽ എത്തും. ഇന്ന് മൗനി അമാവാസി ദിനത്തിൽ നൂറിലേറെ വർഷങ്ങൾക്ക് ശേഷം നിളാതീരത്ത് 'കാലചക്രം ബലി' നടക്കും. വൈകിട്ട് 6 മുതൽ രാത്രി 11 വരെ ആചാര്യൻ കുഞ്ഞിരാമൻ പണിക്കരുടെ നേതൃത്വത്തിലാണ് പൂജ.
ഇന്ന് രാവിലെ 6 മുതൽ ഐവർമഠം ആചാര്യൻ കോരപ്പത്ത് രമേശിന്റെ നേതൃത്വത്തിൽ പിതൃകർമ്മങ്ങൾ നടന്നു. തമിഴ്‌നാട്ടിലെ ത്രിമൂർത്തി മലയിൽ നിന്ന് ശ്രീചക്രവുമായുള്ള രഥയാത്ര നാളെ തിരുനാവായയിലേക്ക് പുറപ്പെടും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിമാർ നിളാ സ്നാനത്തിനായി തിരുനാവായയിൽ എത്തിച്ചേരും. മേളയുടെ ഭാഗമായി നവകോടി നാരായണ ജപാർച്ചന, വിദ്വൽ സദസ്സുകൾ, സത്സംഗങ്ങൾ, കളരി യോഗങ്ങൾ എന്നിവ നടക്കും. ഗണേശ ജയന്തി (22), വസന്ത പഞ്ചമി (23), രഥ സപ്തമി (25), തൈപ്പൂയം (ഫെബ്രുവരി 1) തുടങ്ങി ഉത്സവകാലത്തെ എല്ലാ പ്രധാന ദിനങ്ങളിലും പ്രത്യേക പൂജകൾ ക്രമീകരിച്ചിട്ടുണ്ട്.
ഭക്തജനത്തിരക്ക് കണക്കിലെടുത്ത് റവന്യൂ വകുപ്പും പോലീസും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഏകോപിപ്പിക്കാൻ 9 തഹസിൽദാർമാരെ നിയമിച്ചു. 300 പോലീസ് ഉദ്യോഗസ്ഥരെ രണ്ട് ബാച്ചുകളായി വിന്യസിച്ചു.