കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി | KTET mandatory order frozen Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച നടപടിയിൽ അധ്യാപകരിൽ നിന്നുണ്ടായ വലിയ ആശങ്ക പരിഗണിച്ചാണ് ഉത്തരവ് മരവിപ്പിച്ചത്.കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ സർക്കാർ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ കെ-ടെറ്റ് ഇല്ലാത്തവർക്കായി പ്രത്യേക യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സർക്കാർ നടപടിക്കെതിരെ ഇടത് സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി നൽകിയ രണ്ടുവർഷത്തെ ഇളവ് നിലനിൽക്കെ സർക്കാർ തിടുക്കപ്പെട്ട് ഉത്തരവിറക്കിയത് ശരിയായില്ലെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ (KSTA) ഉം, സിപിഐ സംഘടനയായ എകെഎസ്ടിയു (AKSTU) ഉം വിമർശിച്ചു.
സർക്കാർ അധ്യാപകർക്കൊപ്പമാണെന്നും, നിയമപരമായ നൂലാമാലകൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

