
ജൈറ്റെക്സ് ഗ്ലോബൽ 2025 ൽ കേരളത്തിന്റെ ഐടി മേഖലയും ഭാഗമാകും. കേരള ഐടിയുടെയും, കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെയും (GTECH) നേതൃത്വത്തിൽ, സംസ്ഥാനത്ത് നിന്നുള്ള 28 ഐടി/ഐടിഇഎസ് സ്ഥാപനങ്ങളുടെ സംഘമാണ്, ജൈറ്റെക്സ് ഗ്ലോബലിൽ പങ്കെടുക്കാനായി, ദുബായിലേക്ക് തിരിക്കുന്നത്. ആഗോളതലത്തിൽ ഏറെ പ്രശസ്തമായ ഈ ടെക് മേളയിൽ, കമ്പനികൾ അവരുടെ നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.
ഒക്ടോബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വച്ചാണ് മേള നടക്കുന്നത്. 96 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹാളിലാണ് കേരളത്തിൽ നിന്നുള്ള ഐടി സംഘത്തിന്റെ പ്രദർശനം അരങ്ങേറുക. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവരുമായി ബന്ധപ്പെടാനുള്ള വേദിയായി കേരളത്തിന്റെ ഐടി സ്റ്റാൾ മാറും.
ജൈറ്റെക്സിൽ പങ്കെടുക്കുന്ന കമ്പനികൾക്ക്, ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, മേളയിലൂടെ നിരവധി ബിസിനസ് നെറ്റ്‌വർക്കിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിടെക് സെക്രട്ടറി വി. ശ്രീകുമാർ, ഈ പങ്കാളിത്തം തുറന്നു കൊടുക്കാനിടയുള്ള പുതിയ വ്യാപാര സാധ്യകളെ കുറിച്ച് സംസാരിച്ചു.
180-ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ, നൂതനാശയക്കാർ, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ വേദി, കേരളത്തിലെ ഐടി കമ്പനികൾക്ക്, ആഗോളതലത്തിൽ മികച്ച പങ്കാളിത്തം കണ്ടെത്താനും, സ്ഥാപിക്കാനുമുള്ള വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.
കേരളത്തിൽ നിന്നുള്ള ടെക് കമ്പനികൾക്ക് അവരുടെ അത്യാധുനിക സേവനങ്ങൾ പ്രദർശിപ്പിക്കാൻ സമാനതകളില്ലാത്ത അവസരമാണ് ജൈറ്റെക്സ് വേദി തുറന്നുകൊടുക്കുന്നതെന്ന്, ജിടെക് ബിസിനസ് ഡെവലപ്‌മെന്റ് ഫോക്കസ് ഗ്രൂപ്പ് കൺവീനർ, മനു മാധവൻ പറഞ്ഞു. ഇതിലൂടെ നൂതന ആശയങ്ങളുടെയും, സാങ്കേതിക മുന്നേറ്റങ്ങളുടെയും കേന്ദ്രമായി, കേരളത്തെ അടയാളപ്പെടുത്തുക കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൈറ്റെക്സിലെ കേരള പവലിയൻ, പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുള്ള നവനീനമായ മോഡുലാർ രൂപകൽപ്പനയും പ്രദർശിപ്പിക്കും. സംവേദനാത്മക ഘടകങ്ങളോടെ, കേരളത്തിന്റെ ഐടി. മേഖലയിലെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന പവലിയൻ, അത്യാധുനിക അനുഭവം സമ്മാനിക്കും. കേരളത്തിന്റെ സാങ്കേതിക മികവിനെ പ്രതിഫലിപ്പിക്കുകയും, ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നതിലൂടെ, ഐടി. നവീകരണത്തിന്റെ സജീവ കേന്ദ്രമായി സംസ്ഥാനത്തെ സ്ഥാപിക്കുന്ന തരത്തിലാണ് പവലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മേളയിൽ പങ്കെടുക്കുന്നതിലൂടെ, ആഗോള സാങ്കേതികവിദ്യ രംഗത്ത് വളർന്നുവരുന്ന നേതാവായി കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയും, അന്താരാഷ്ട്ര വിപണിയിൽ വളർച്ചയ്ക്കുള്ള പുതിയ വഴികൾ സൃഷ്ടിക്കുകയുമാണ് ജിടെക്കിന്റെ ലക്ഷ്യം.
ജിടെക് കേരളത്തിലെ ഐടി, ബിസിനസ് പ്രോസസ് മാനേജ്‌മെൻ്റ് സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള വ്യവസായ സംഘടനയാണ്. കേരളത്തിലെ ഐടി വ്യവസായത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി, ജിടെക് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇക്കാലയളവിൽ, നൂതനമായ സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം കമ്പനികൾ, വൻകിട തദ്ദേശീയ കമ്പനികൾ, അന്താരാഷ്ട്ര ഭീമന്മാർ എന്നിവയുൾപ്പെടെ, മുന്നൂറിൽ അധികം കമ്പനികളുടെ ശക്തമായ അംഗത്വമാണ് ജിടെക് കെട്ടിപ്പടുത്തത്.