തിരുവനന്തപുരം : ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് പിന്തുണ നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്. ‘പ്രിയപ്പെട്ട സഹോദരി തളരരുത്… കേരളം നിനക്കൊപ്പം…’ എന്നാണ് മന്ത്രി വീണാ ജോര്‍ജ്ജ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
അതേ സമയം,ലൈംഗികചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യംചെയ്യും. ക്രൈം ബ്രാഞ്ച് പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണങ്ങൾ ഉയർന്നഘട്ടം മുതൽ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമമാണ് യുവതി നിയമവഴിയിലേക്ക് എത്തിയതോടെ തകർന്നത്.
ഇന്ന് ഉച്ചയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല.