'കേരളം കടക്കെണിയിലല്ല, തനത് വരുമാനത്തിൽ കുതിപ്പ്, കേന്ദ്ര വിഹിതത്തിൽ കടുത്ത അവഗണന': കണക്കുകളുമായി KN ബാലഗോപാൽ, സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് | Finance Minister

കടബാധ്യത ദേശീയ ശരാശരിയേക്കാൾ താഴെ
'കേരളം കടക്കെണിയിലല്ല, തനത് വരുമാനത്തിൽ കുതിപ്പ്, കേന്ദ്ര വിഹിതത്തിൽ കടുത്ത അവഗണന': കണക്കുകളുമായി KN ബാലഗോപാൽ, സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് | Finance Minister
Updated on

തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സി.എ.ജി, ആർ.ബി.ഐ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക ചിത്രം മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു.(Kerala is not in a debt trap, but there is severe neglect in central allocation, Finance Minister with figures)

സംസ്ഥാനത്തിന്റെ പൊതുകടവും ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കടം-ജിഎസ്ഡിപി അനുപാതം 24.88%, ദേശീയ ശരാശരി 26.11% എന്നിങ്ങനെയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പട്ടികയിൽ കേരളം 18-ാം സ്ഥാനത്താണെന്നും കടമെടുപ്പ് ഓരോ വർഷവും കുറഞ്ഞുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റുകളും നികുതി വിഹിതവും കുറഞ്ഞിട്ടും കേരളം പിടിച്ചുനിൽക്കുന്നത് സ്വന്തം വരുമാനം വർദ്ധിപ്പിച്ചത് കൊണ്ടാണെന്ന് സി.എ.ജി റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 72.84 ശതമാനവും സംസ്ഥാനത്തിന്റെ തനത് നികുതി, നികുതിയേതര വരുമാനമാണ്. (ദേശീയ ശരാശരി 57.77% മാത്രം).

കേരളത്തിന്റെ ആകെ വരുമാനത്തിൽ വെറും 27.16% മാത്രമാണ് കേന്ദ്രവിഹിതം. സ്വന്തം വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്ത് ആറാം സ്ഥാനത്താണ് കേരളം. കേന്ദ്ര നികുതി വിഹിതം വിതരണം ചെയ്യുന്നതിൽ കേരളത്തോടുള്ള അവഗണന മന്ത്രി അക്കമിട്ടു നിരത്തി.

കേരളത്തിന് ലഭിക്കുന്നത് വെറും 1.93% മാത്രമാണെന്നും, ഉത്തർപ്രദേശ് (17.94%), ബിഹാർ (10.06%), മധ്യപ്രദേശ് (7.85%) എന്നിങ്ങനെയാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബിഹാർ (72.27%), ഉത്തർപ്രദേശ് (55.48%) തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ വരുമാനത്തിനായി ഭൂരിഭാഗവും കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ബിജെപി ഭരണപങ്കാളിത്തമുള്ള പല സംസ്ഥാനങ്ങൾക്കും 50 ശതമാനത്തിലേറെ കേന്ദ്രവിഹിതം ലഭിക്കുമ്പോഴാണ് കേരളത്തിന് ഈ അവഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കേന്ദ്ര ധനകാര്യമന്ത്രാലയത്തിൽ വെച്ച് നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും തേടും.

സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ പങ്കെടുത്ത് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കും. ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് ഇത്തവണത്തെ ബജറ്റിലെങ്കിലും അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ബജറ്റിൽ അർഹമായ പരിഗണനയും സാമ്പത്തിക പാക്കേജുകളും കേരളം ആവശ്യപ്പെടും.

ഈ ബജറ്റ് അവതരണത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ തേടി അപൂർവ്വമായ ഒരു റെക്കോർഡും എത്തുന്നുണ്ട്. തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുക എന്ന ചരിത്രനേട്ടം ഇതോടെ നിർമല സീതാരാമന് സ്വന്തമാകും. പത്ത് ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് അവർ.

ജനുവരി 28ന് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കും. ഫെബ്രുവരി 1ന് നിർമല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വിഹിതം വർദ്ധിപ്പിക്കുക തുടങ്ങിയ പൊതുവായ ആവശ്യങ്ങളും ഇന്നത്തെ യോഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com