തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങൾ നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും കുതിച്ചുചാട്ടം നടത്തുമ്പോൾ കേരളം പിന്നോട്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് ഓരോ മലയാളിയും ചിന്തിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകൾ നീണ്ട മോശം ഭരണവും അഴിമതിയുമാണ് കേരളത്തിലെ പ്രതിഭകൾ നാടുവിടാൻ കാരണമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.(Kerala is exporting young talents, Rajeev Chandrasekhar against Kerala model)
നിക്ഷേപങ്ങൾ വരുന്നത് കഴിവുള്ളിടത്തേക്കാണ്. എന്നാൽ കേരളം സ്വന്തം യുവപ്രതിഭകളെ കയറ്റുമതി ചെയ്യുകയാണ്. അവസരങ്ങളില്ലാത്തതിനാൽ കുട്ടികൾ പഠനത്തിനും ജോലിക്കുമായി സംസ്ഥാനം വിടുന്നു. കേരളത്തിലെ കോളേജുകളിൽ 30 ശതമാനത്തോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് യുവാക്കളുടെ നിരാശയുടെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനെ ജനങ്ങൾ തഴഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയും യുഡിഎഫും തമ്മിലാകും പ്രധാന പോരാട്ടം. ബിജെപി വർഗീയവാദികളാണെന്ന പ്രചാരണം ജനങ്ങൾക്കിടയിൽ ഇനി വിലപ്പോകില്ല. നിരവധി യുവാക്കൾ കഴിഞ്ഞ ആറുമാസത്തിനിടെ പാർട്ടിയിലേക്ക് കടന്നുവന്നു. 16 വർഷം ശശി തരൂർ എംപിയായിരുന്നിട്ടും തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് ജയിക്കാനായിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ 2000 വാർഡുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 500-ലധികം വാർഡുകളിൽ രണ്ടാം സ്ഥാനത്തുമുണ്ട്. വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടി കൂടുതൽ കരുത്താർജ്ജിക്കും.