ഇന്ത്യയിലെ മറ്റ് ട്രെയിൻ സ്റ്റേഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളം, സ്റ്റേഷനിലൊരിടത്തും മാലിന്യമില്ല; വീഡിയോയുമായി യാത്രക്കാരി | Railway station

ഒരു യാത്രക്കാരി തെളിവ് സഹിതം പങ്കുവച്ചപ്പോൾ അതിന് തിരുത്തുമായി മലയാളികൾ
RAILWAY STATION
TIMES KERALA
Updated on

ശാന്തമായ അന്തരീക്ഷം, മനോഹരമായ ജലപാതകൾ, രുചികരമായ ഭക്ഷണം എന്നിങ്ങനെ കേരളം വിനോദ സഞ്ചാരികളെ പല തരത്തിലാണ് ആകർഷിക്കുന്നത്. എന്നാൽ അത് മാത്രമല്ലെന്നും വൃത്തിയുടെ കാര്യത്തിലും കേരളം ഒരു പടി മുന്നിലാണെന്നും ഒരു യാത്രക്കാരി തെളിവ് സഹിതം പങ്കുവച്ചപ്പോൾ അതിന് തിരുത്തുമായി മലയാളികൾ. (Railway station)

ഇന്ത്യയിലെ മറ്റ് ട്രെയിൻ സ്റ്റേഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ റെയിൽവേ സ്റ്റേഷനെന്നും അത് ട്രെയിൻ യാത്രയെ കുറിച്ചുള്ള ചിന്താഗതിയെ തന്നെ മാറ്റിമറിക്കുമെന്നും കുറിച്ച് കൊണ്ട് മുബീന സി എച്ച് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിൽ നിന്നും തലശ്ശേരി റെയിൽവേ സ്റ്റേഷന്‍റെ വീഡിയോ പങ്കുവച്ചു. റെയിൽവേ സ്റ്റേഷന്‍റെ വൃത്തി വീഡിയോയിൽ വ്യക്തമാണ്. സ്റ്റേഷനിലൊരിടത്തും മാലിന്യമില്ല. തിരക്കില്ല, ആളുകൾ ശാന്തമായി അവരവരുടെ വഴിക്ക് പോകുന്നു. സ്റ്റേഷന്‍റെ ശുചിത്വവും സമാധാനപരമായ അന്തരീക്ഷവും മറ്റ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. എട്ടര ലക്ഷത്തേളം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

'ഈ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ആരും എന്‍റെ ഫോൺ തട്ടിപ്പറിച്ചില്ല. കേരളം' എന്ന അടിക്കുറിപ്പോടെയാണ് മുബീന വീഡിയോ പങ്കുവച്ചത്. ഇത് സർക്കാരിന്‍റെ മാത്രമല്ല.. എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. വടക്കേ ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ വളരെ വൃത്തിയുള്ളതാണെന്നും ഇത് യഥാർത്ഥത്തിൽ പൗരബോധത്തിന്‍റെയും സിസ്റ്റം-ലെവൽ മാനേജ്മെന്‍റിന്‍റെയും സംയോജനമാണെന്നും ഒപ്പം ഗുട്ട്കയും വിമലും കേരളത്തിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ കുറിപ്പ്. അതേസമയം മറ്റ് ചിലർ ഈ അവകാശവാദങ്ങൾക്ക് മറുകുറിപ്പെഴുതി. ജനങ്ങളുടെ സിവിക് സെന്‍സിന്‍റെ പ്രതിഫലനമല്ല ആ വൃത്തിയെന്നും മറിച്ച് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളായ സ്ത്രീകൾ ഓരോ ദിവസവും ഒരു നൂറ് തവണയെങ്കിലും കവറുകൾ പെറുക്കിക്കളഞ്ഞും തൂത്ത് വൃത്തിയാക്കി ഇടുന്നത് കൊണ്ടാണെന്നും ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com