പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തലിൽ കേരളം മുന്നിൽ, ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കണം; മലബാർ കാൻസർ സെന്‍റർ ഡയറക്‌ടർ

Malabar Cancer Center Director
Published on

കോഴിക്കോട് : പുരുഷന്മാരെ ഏറ്റവും കൂടുതലായി ബാധിക്കുന്ന കാൻസറുകളിൽ ഒന്നായ പ്രോസ്റ്റേറ്റ് കാൻസർ വർദ്ധിച്ചുവരുന്നത് തടയുന്നതിനായി നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കണമെന്ന് വിദഗ്‌ധർ ആഹ്വാനം ചെയ്യുന്നു. മലബാർ കാൻസർ സെന്‍ററിന്‍റെ കാൻസർ രജിസ്ട്രി ഡേറ്റ പ്രകാരം, 2019 മുതൽ 2023 വരെ പ്രോസ്റ്റേറ്റ് കാൻസർ കേസുകളിൽ ഏകദേശം 16 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഇതിൽ അവസാന വർഷം മാത്രം 18.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലബാർ കാൻസർ സെന്‍ററിൽ കൂടുതൽ പ്രോസ്റ്റേറ്റ് കാൻസർ രോഗികളെ കാണുക മാത്രമല്ല ചെയ്യുന്നത്. മികച്ച ചികിത്സ നൽകുന്നതിനൊപ്പം ജീവിത നിലവാരം നിലനിർത്താനും സഹായിക്കുന്ന റോബോട്ടിക് സർജറി പോലുള്ള നൂതന ചികിത്സാ സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രോഗികളെയും കാണുന്നുണ്ടെന്ന് മലബാർ കാൻസർ സെന്‍റർ ഡയറക്‌ടർ ഡോ.സതീശൻ ബി പറഞ്ഞു. ആധുനിക റോബോട്ടിക് പ്ലാറ്റ്ഫോം ഉപയോഗിച്ച് റാഡിക്കൽ പ്രോസ്റ്റേറ്റെക്‌ടമി പോലുള്ള സങ്കീർണ്ണ ശസ്ത്രക്രിയകൾ വളരെ കൃത്യതയോടെ നടത്താനാകും. ഇതിലൂടെ പ്രധാന നാഡികളും അവയവങ്ങളും സംരക്ഷിക്കാൻ കഴിയും. മൂത്രനിയന്ത്രണ ശേഷിയും പ്രത്യുത്‌പാദന-ലൈംഗിക പ്രവർത്തനങ്ങളും നിലനിർത്തുന്നതിന് ഇത് അത്യന്തം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം കേരള സർക്കാരിന്‍റെ രണ്ട് ഉന്നത കാൻസർ ചികിത്സാ കേന്ദ്രങ്ങളായ റീജിയണൽ കാൻസർ സെന്‍ററിലും മലബാർ കാൻസർ സെന്‍ററിലും അത്യാധുനിക ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സംവിധാനം അവതരിപ്പിച്ചിരുന്നു.

കാൻസർ ബാധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഒതുങ്ങി നിൽക്കുമ്പോഴാണ് ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന റാഡിക്കൽ പ്രോസ്റ്റേറ്റെക്‌ടമി സാധാരണയായി ശുപാർശ ചെയ്യാറുള്ളത്. പ്രോസ്റ്റേറ്റ് ഇടുപ്പിനുള്ളിലായി അതിലോലമായ നാഡികളുടെയും രക്തക്കുഴലുകളുടെയും സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ ഈ ശസ്‌ത്രക്രിയ സാങ്കേതികമായി ആതീവ സങ്കീർണ്ണമാണ്. എന്നാൽ ആധുനിക റോബോട്ടിക് സിസ്റ്റത്തിന്‍റെ 3ഡി മാഗ്നിഫൈഡ് വിഷൻ, റിസ്റ്റഡ് ഉപകരണങ്ങൾ എന്നിവ ഈ പരിമിതമായ ഇടങ്ങളിൽ കൂടുതൽ കൃത്യതയും നിയന്ത്രണവും സാദ്ധ്യമാക്കും. ഇത് ടിഷ്യു കേടുപാടുകൾ കുറയ്ക്കുന്നതിനും സുഗമമായ സുഖപ്പെടലിനും സഹായിക്കുന്നു. മറ്റൊരു പ്രധാന നേട്ടം, മൂത്രസഞ്ചി, മൂത്രനാളി എന്നിവ വീണ്ടും ബന്ധിപ്പിക്കുന്നത് പോലുള്ള ഘട്ടങ്ങളിൽ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ വളരെ കൃത്യമായ തുന്നൽ സാധ്യമാക്കുന്നു എന്നതാണെന്നും ഡോ. സതീശൻ കൂട്ടിച്ചേർത്തു.

അവയവങ്ങളുടെയും നാഡികളുടെയും സംരക്ഷണത്തിനു പുറമേ, മിനിമലി ഇൻവേസീവ് ശസ്ത്രക്രിയകൾ സുഗമമായ സുഖപ്പെടൽ ലഭ്യമാക്കുമെന്നും ഡോ. സതീശൻ പറയുന്നു. മിനിമലി ഇൻവേസീവ് സമീപനം ചെറിയ മുറിവുകൾ, കുറഞ്ഞ രക്തനഷ്ടം, അണുബാധയ്ക്കുള്ള കുറഞ്ഞ സാധ്യത എന്നീ മികവുകളുള്ളതാണ്. മിക്ക രോഗികളും 3-4 ദിവസത്തിനുള്ളിൽ തന്നെ ഡിസ്‌ചാർജ് ചെയ്യപ്പെടുന്നു, ഏതാനും ആഴ്ചകൾക്കുള്ളിൽ ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അവർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തുന്ന രീതി കേരളത്തിൽ വളർന്നുവരുന്നതിനാൽ നൂതന ശസ്ത്രക്രിയാ രീതികളിലേക്കുള്ള ഈ മാറ്റത്തിന് കൂടുതൽ പിന്തുണ കിട്ടുന്നുണ്ടെന്ന് ഡോ. സതീശൻ പറഞ്ഞു.

മുൻകാലങ്ങളിൽ, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച ഭൂരിഭാഗം രോഗികളും നാലാമത്തെ സ്റ്റേജിലുള്ള രോഗാവസ്ഥയുമായിട്ടാണ് എത്തിയിരുന്നത്. പലപ്പോഴും ശരിയായ ഘട്ടങ്ങളോ രോഗനിർണയമോ നടത്താതെയായിരുന്നു ഇത്. ഇന്ന് ആ അവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ കൂടുതൽ ആളുകൾ പ്രോസ്റ്റേറ്റ് കാൻസറിന്‍റെ പ്രാരംഭ ഘട്ടങ്ങളിൽ തന്നെ ചികിത്സ തേടിയെത്തുന്നു. ഇത് ബോധവത്കരണ പരിപാടികൾ, മെച്ചപ്പെട്ട ആരോഗ്യ സാക്ഷരത, സ്വമേധയാ ഉള്ള പിഎസ്എ സ്ക്രീനിംഗുകൾ, അത്യാധുനിക രോഗനിർണയ-ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത എന്നിവയുടെ ഗുണപരമായ സ്വാധീനമാണ് കാണിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ചുള്ള ഡോക്ടർമാരുടെ മെച്ചപ്പെട്ട ധാരണ കൃത്യമായ റഫറലുകൾക്ക് വഴിയൊരുക്കി. ഇത് ശരിയായ വിലയിരുത്തലും ചികിത്സയും സാധ്യമാക്കി. പ്രാരംഭ ഘട്ടത്തിൽ കാൻസർ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പയനായ “ആരോഗ്യം ആനന്ദം - അകറ്റാം അർബുദം” രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഇത് പുരുഷന്മാരിലെ കാൻസറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദ്ധതിയുടെ ഒരു പ്രധാന ദീർഘകാല ലക്ഷ്യം ക്രമബദ്ധമായ കാൻസർ പരിശോധനയ്ക്കുള്ള ഘടനാപരമായ ഒരു മാർഗരേഖ സ്ഥാപിക്കുക എന്നതാണ്. ആരോഗ്യ പരിശോധന പാക്കേജുകളിൽ പതിവ് പി‌എസ്‌എ സ്‌ക്രീനിംഗുകൾ കൂട്ടിച്ചേർക്കുക, ബോധവത്കരണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കൽ, വിവിധ കേന്ദ്രങ്ങളിൽ ഗൈഡഡ് ബയോപ്‌സി സേവനങ്ങൾ ലഭ്യമാക്കൽ എന്നിവ ചേർന്ന് രോഗം നേരത്തേ കണ്ടെത്താനും കൂടുതൽ ഫലപ്രദമായ ചികിത്സാ പദ്ധതികൾ തയ്യാറാക്കാനും സഹായിച്ചിട്ടുണ്ട്. ഇതിന്‍റെ ഫലമായി, കേരളം പ്രതികരണാത്മകമായ ആരോഗ്യ സംരക്ഷണ മാതൃകയിൽ (reactive healthcare model) നിന്ന് മുൻകരുതൽ ആരോഗ്യപരിചരണ മാതൃകയിലേക്ക് (proactive healthcare model) ക്രമാതീതമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ റോബോട്ടിക് ശസ്ത്രക്രിയകൾ കൂടുതൽ വ്യാപകമായി സ്വീകരിക്കപ്പെടുകയാണെന്ന് മലബാർ കാൻസർ സെന്‍ററിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവനും പ്രൊഫസറുമായ ഡോ. നിസാമുദ്ദീൻ പറഞ്ഞു. വടക്കൻ കേരളത്തിലുടനീളമുള്ള രോഗികൾക്ക് മാത്രമല്ല, അയൽ സംസ്ഥാനമായ തമിഴ്‌നാട്, കർണാടക, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികൾക്കും മലബാർ കാൻസർ സെന്‍റർ സേവനം നൽകുന്നു. അടുത്തകാലത്തായി, അത്യാധുനികവും ചെലവുകുറവുമായ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രവാസികളായ മലയാളികൾ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവണതയും വർദ്ധിച്ചുവരുകയാണ്. ഇപ്പോൾ ലോകോത്തര ചികിത്സാ രീതികൾ ഇടത്തരം നഗരങ്ങളിലും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും, കേരളത്തിലെ ഉയർന്നുവരുന്ന കാൻസർ രോഗ നിരക്ക് നേരിടാൻ പുതിയ ചികിത്സാ രീതികളുടെ വ്യാപകമായ സ്വീകരണം അനിവാര്യമാണ്. പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ചും ലഭ്യമായ ചികിത്സാ മാർഗങ്ങളെയും കുറിച്ച് ബോധവത്കരണം വർദ്ധിപ്പിക്കുന്നത് കൂടുതൽ പുരുഷന്മാരെ സമയബന്ധിത സ്ക്രീനിംഗിനും ചികിത്സയ്ക്കും പ്രേരിപ്പിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com