

എറണാകുളം: ലൈംഗിക പീഡനത്തിനും ഭ്രൂണഹത്യക്കും കേസെടുക്കപ്പെട്ട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ (Rahul Mamkootathil) മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. പരാതി നൽകാൻ അതിജീവിത വൈകിയെന്നും, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും, താൻ നിരപരാധിയാണെന്നും രാഹുൽ ജാമ്യാപേക്ഷയിൽ പറയുന്നു. അഡ്വക്കേറ്റ് എസ്. രാജീവാണ് രാഹുലിനു വേണ്ടി ഹാജരാകുന്നത്.
അതേസമയം, പത്താം ദിവസവും രാഹുലിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. തമിഴ്നാട്, കർണാടക അതിർത്തികളിലും വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന ശക്തമാക്കി.
പോലീസ് അന്വേഷണസംഘത്തെ കബളിപ്പിക്കാനായി, പ്രശസ്ത സിനിമയായ 'ദൃശ്യ'ത്തിന്റെ മാതൃകയിൽ രാഹുൽ മൊബൈൽ ഫോൺ മറ്റൊരാൾക്ക് കൈമാറിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലും രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പതിവുപോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
The Kerala High Court is set to hear the anticipatory bail plea of MLA Rahul Mankuttathil, who is facing charges of sexual assault and feticide, after a sessions court rejected his application. The MLA, who has been untraceable for ten days, claims the complaint is politically motivated and maintains his innocence.