എറണാകുളം: ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് ( Rahul Mamkoottathil) ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. എം.എൽ.എയുടെ അറസ്റ്റ് തൽകാലത്തേക്ക് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഈ നിർദേശം നൽകിയത്.
കേസിന്റെ മെറിറ്റിലേക്ക് നിലവിൽ കടക്കാത്ത കോടതി, വിശദമായ വാദം കേട്ടശേഷം മറ്റ് കാര്യങ്ങൾ പരിഗണിക്കുമെന്ന് അറിയിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി ഹർജി തള്ളിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, കഠിനമായ ദേഹോപദ്രവം, സ്വകാര്യതാലംഘനം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുമായി ഉഭയസമ്മതപ്രകാരമാണ് ബന്ധമുണ്ടായിരുന്നതെന്നും കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഹുലിന്റെ പ്രധാന വാദം.
എന്നാൽ, രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് അതിജീവിത എഫ്.ഐ.ആറിൽ ഉന്നയിച്ചിരിക്കുന്നത്. എം.എൽ.എ. ആയ ശേഷവും പീഡനം തുടർന്നു, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിർബന്ധിച്ച് ഗർഭച്ഛിദ്ര മരുന്ന് കഴിപ്പിച്ചു, ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, എതിർത്തപ്പോൾ മർദിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ.
അതേസമയം, എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുലിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഇദ്ദേഹം പൊള്ളാച്ചി, കോയമ്പത്തൂർ വഴി ബംഗളൂരുവിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് നേരിട്ട ലൈംഗികാതിക്രമം വിശദീകരിച്ച് മറ്റൊരു 23-കാരി കോൺഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. ഈ പരാതി കെ.പി.സി.സി. നേതൃത്വം ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്.
The Kerala High Court has granted temporary relief to MLA Rahul Mankuttathil, who is facing charges of rape and forced abortion, by staying his arrest while considering his anticipatory bail plea. The court stated it would not enter into the merits of the case yet, postponing the detailed hearing, after the Sessions Court had previously rejected his plea citing prima facie evidence.