

കൊച്ചി: 'ഡോക്ടർ' എന്ന പദവി എം.ബി.ബി.എസ് ബിരുദമുള്ളവരുടെ മാത്രം കുത്തകയല്ലെന്നും, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഈ വിശേഷണം ഉപയോഗിക്കാമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടു. ജനുവരി 22-ന് പുറപ്പെടുവിച്ച വിധിയിൽ, എൻ.സി.എ.എച്ച്.പി (NCAHP) നിയമപ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 'Dr.' എന്ന പ്രിഫിക്സോടെ സ്വതന്ത്ര പ്രാക്ടീസ് തുടരാമെന്നും കോടതി വ്യക്തമാക്കി.
മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമായി 'ഡോക്ടർ' പദവി നൽകണമെന്ന് എൻ.എം.സി (NMC) നിയമത്തിൽ ഒരിടത്തും പറയുന്നില്ല. 'ഡോക്ടർ' എന്ന ലാറ്റിൻ പദത്തിന് 'അധ്യാപകൻ' അല്ലെങ്കിൽ 'ഇൻസ്ട്രക്ടർ' എന്നാണ് അർത്ഥം. 13-ാം നൂറ്റാണ്ടിൽ ദൈവശാസ്ത്രം, നിയമം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നേടിയവർക്കാണ് ഈ പദവി നൽകിയിരുന്നത്. 19-ാം നൂറ്റാണ്ടോടെയാണ് ഫിസിഷ്യൻമാരെ ഡോക്ടർ എന്ന് വിളിച്ചു തുടങ്ങിയത്.
പി.എച്ച്.ഡി പോലുള്ള ഉയർന്ന അക്കാദമിക് യോഗ്യത നേടിയവർക്കും ഈ പദവി ഉപയോഗിക്കാൻ അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ (NCAHP Act) അടിസ്ഥാനത്തിൽ അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ നിലവിൽ പിന്തുടരുന്ന രീതികൾ നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ ബിരുദധാരികളും മറ്റ് ആരോഗ്യവിദഗ്ധരും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കത്തിനാണ് ഈ വിധിയിലൂടെ വ്യക്തത വന്നിരിക്കുന്നത്.