കൊച്ചി: ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇരകളാക്കപ്പെട്ടവർക്ക് വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം നൽകേണ്ട ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സർക്കാർ ഇത് വൈകിക്കരുത്. ആവശ്യമെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് നേരിട്ട് തുക നൽകാൻ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.( Kerala HC on Delay in payment of victim compensation)
മീഡിയേഷൻ സെന്ററുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനെ വിമർശിച്ചത്. വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം 2022 മുതൽ 47 കോടി രൂപയും മീഡിയേറ്റർമാരുടെ പ്രതിഫലമായി 10 കോടിയിലധികം രൂപയും സർക്കാർ നൽകാനുണ്ടെന്ന് കോടതി കണ്ടെത്തി.
പിഴത്തുകയോ സംഭാവനകളോ ലഭിച്ചില്ലെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് സർക്കാരിന് പിന്മാറാനാവില്ല. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ധനകാര്യ വകുപ്പാണെന്ന ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം കോടതി അംഗീകരിച്ചു.
വിഷയത്തിൽ ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും തുക വിതരണം സംബന്ധിച്ച കൃത്യമായ സമയക്രമം ഉൾപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് ഈ മാസം 23-ന് വീണ്ടും പരിഗണിക്കും.

