2024-ൽ തന്നെ PM ശ്രീ പദ്ധതി നടപ്പാക്കാൻ കേരളം തീരുമാനിച്ചു : തെളിവായി കത്ത് പുറത്ത് | PM SHRI

പൊതുവിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പുറത്തിറക്കിയ കത്താണിത്
Kerala has decided to implement the PM SHRI scheme in 2024 itself
Published on

തിരുവനന്തപുരം: കേരളം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ 2024-ൽത്തന്നെ തീരുമാനിച്ചുവെന്നതിന് തെളിവായ കത്ത് പുറത്തുവന്നു. പദ്ധതിയിൽ ധാരണാപത്രം (എംഒയു) ഒപ്പിടാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. 2024 മാർച്ചിൽ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പുറത്തിറക്കിയ കത്തിൽ പറയുന്നു.(Kerala has decided to implement the PM SHRI scheme in 2024 itself)

സംസ്ഥാനത്തെ സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷം തന്നെ പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് കത്തിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, പദ്ധതി നടപ്പാക്കാൻ എല്ലാവരുടെയും സമ്മതം ഇതുവരെ കിട്ടിയിട്ടില്ലെന്നതാണ് നിലവിലെ പ്രതിസന്ധി.

സിപിഐ വിമർശനവും മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാടും

പദ്ധതിയിൽ ഒപ്പുവെക്കുന്നതിനെതിരേ സി.പി.ഐ. പരസ്യമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പാർട്ടി പിറകോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

എന്നാൽ, കേന്ദ്രം പണം തരാതിരിക്കാൻ നോക്കുമ്പോൾ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കുന്നത്. 1,466 കോടി രൂപ എന്തിന് വെറുതേ കളയണമെന്നും മന്ത്രി ചോദിച്ചു. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെല്ലാം കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലോയെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി.

'CPIയെ അവഗണിക്കില്ല': എം എ ബേബി

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ. ഉയർത്തിയ വിമർശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് എൽഡിഎഫ് നോക്കുന്നത്. വിഷയത്തിൽ സി.പി.ഐയെ അവഗണിക്കില്ലെന്നും സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം താൻ കണ്ടിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ ബിഹാറിൻ്റേതായ ചില ശൈലികൾ ഉണ്ടെന്നും അന്തിമ ഫലം തേജസ്വി യാദവ് നയിക്കുന്ന മുന്നണിക്കായിരിക്കുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com